പ്രശസ്ത ബോളിവുഡ് ഗായിക നേഹ കക്കർ നാളെ ദുബായ് ഗ്ലോബൽ വില്ലേജിൽ സംഗീത പരിപാടി അവതരിപ്പിക്കും. നാളെ രാത്രി 8 മണിക്ക് പ്രധാന വേദിയിലാണ് സംഗീത പരിപാടി നടക്കുക. ഗ്ലോബൽ വില്ലേജിലെത്തുന്ന എല്ലാവർക്കും നേഹയുടെ പരിപാടി കാണാം. ടിക്കറ്റുകൾ ഗ്ലോബൽ വില്ലേജില്‍ നിന്നു നേരിട്ടോ, ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വാങ്ങാം.
‘മിലെ ഹോ തും’, ‘ദിൽബർ’, ‘സിംബ’ തുടങ്ങിയ ഹിറ്റുകൾക്ക് പേരുകേട്ട അവർ ‘സെക്കൻഡ് ഹാൻഡ് ജവാനി’ എന്ന ഡാൻസ് ട്രാക്കിന്റെ റിലീസിലൂടെ പ്രശസ്തി നേടി. യാരിയാനിലെ ‘സണ്ണി സണ്ണി’, 2014-ലെ സൗണ്ട് ട്രാക്ക് ആൽബമായ ‘ക്വീൻ’-ലെ ‘ലണ്ടൻ തുമക്ഡ’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പാർട്ടി ഗാനങ്ങളും കക്കർ പുറത്തിറക്കി.
2019-ൽ യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട (4 ബില്യണിലേറെ) ഗായികയാണിവർ. 2021-ൽ യു ട്യൂബിന്റെ ഡയമണ്ട് അവാർഡ് ലഭിച്ചു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യൻ കലാകാരിയാണിവർ. ഫോർബ്‌സിന്റെ 100 പേരുടെ ഇന്ത്യ സെലിബ്രിറ്റി പട്ടികയിലും ഇടംനേടി. 72 ദശലക്ഷത്തിലധികം പേർ ഇവരെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്.