ഗ്ലോബൽ വില്ലേജിന്റെ 27 ആം പതിപ്പ് തുടങ്ങിയ ഒക്ടോബര് 25 മുതൽ നഗരിയിലേക്ക് നിലക്കാത്ത സന്ദർശക പ്രവാഹമാണ്. ഇത്തവണ വിവിധ സവിശേഷകാഴ്ചകൾ ഒരുക്കിയാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ ക്ഷണിക്കുന്നത്. വ്യത്യസ്തകാഴ്ചകളോടൊപ്പം ഗ്ലോബൽ വില്ലേജിൽ സജ്ജീകരിച്ചിട്ടുള്ള ഔട്ഡോർ സ്നോ ഫെസ്റ്റ് ഐസ് റിങ്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ഗ്ലോബൽ വില്ലേജിലെ കാർണിവൽ ഭാഗത്തിന്‍റെ കവാടത്തിനടുത്താണ് പരിസ്ഥിതി സൗഹൃദ സ്ഥിതി ചെയ്യുന്നത്. മഞ്ഞിൽ കളിക്കാനും മഞ്ഞ് മഴ ആസ്വദിക്കാനും ഇവിടെ അവസരം ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. ലോകോത്തര ഗുണമേന്മയുള്ള സിന്തറ്റിക് റിങ്കാണിതെന്നും ആഗോള ഗ്രാമത്തിന്‍റെ സംഘാടകർ പറയുന്നു . സുരക്ഷിതമായ രീതിയിൽ സ്കേറ്റിങ് നടത്താവുന്ന ഐസ് റിങ്കുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാധാരണ ഐസ് റിങ്കിലെ അതേ അനുഭവം ലഭിക്കുന്നതോടൊപ്പം നനയാതെയും തണുപ്പിൽ വിറങ്ങലിക്കാതെയും യഥാർഥ സ്കെയിറ്റിങ് അനുഭവമാണ് ഇവിടെ ലഭിക്കുക. ഇവിടെ എത്തുന്നവർക്ക് സ്കേറ്റിങിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ നിന്ന് തന്നെ ലഭിക്കും ഐസ് റിങ്ക് പ്രവേശന ടിക്കറ്റുകൾ ഓൺലൈനിലും ഗ്ലോബൽ വില്ലേജ് ആപ്പിലും ലഭ്യമാണ്. 20മിനിറ്റിന് 40ദിർഹമാണ് നിരക്ക് .
ആദ്യ ദിവസത്തിൽത്തന്നെ റെക്കോഡ് എണ്ണം സന്ദർശകരാണ് മേളയിലേക്ക് എത്തിച്ചേർന്നത്. ഏപ്രിൽ വരെ ആറുമാസത്തിലേറെ നീളുന്ന ഗ്ലോബൽ വില്ലേജ് സീസണിലേക്ക് പ്രവേശനത്തിന് 20 ദിർഹമാണ് ടിക്കറ്റിന് കുറഞ്ഞ നിരക്ക്. ആപ്ലിക്കേഷൻ വഴിയോ ഓൺലൈൻ വഴിയോ ടിക്കറ്റെടുക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കും.
ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ ആണ് ഉള്ളത്. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, ചെറു ഭക്ഷണശാലകൾ എന്നിവയെല്ലാം സജ്‌ജമാണ്. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, പവലിയനുകളിലെ കലാ സാംസ്‌കാരിക പ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ ലോകോത്തര സംഗീത കച്ചേരികൾ, എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളുമുണ്ട്.