കോഴിക്കോട്: മിഡിൽ ഈസ്റ്റ് ചന്ദ്രിക ദുബായ് യൂണിറ്റിലെ ജീവനക്കാരുടെ തൊഴിൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ മിഡിൽ ഈസ്റ്റ് (ദുബായ്) യൂണിറ്റും ഇന്ത്യൻ മീഡിയ ഫ്രറ്റേണിറ്റി ദുബായ് ഘടകവും സംയുക്തമായി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക മാനേജിങ് ഡയറക്ടറുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട് വസതിയിൽ സന്ദർശിച്ച് യൂണിയൻ മിഡിൽ ഈസ്റ്റ് സെക്രട്ടറി ടി.ജമാലുദ്ദീനും എൻ.എ.എം ജാഫറും (മിഡിൽ ബസ്റ്റ് ചന്ദ്രിക) കത്ത് നൽകിയത്. ഐ യു എം എൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി.
വിഷയം അനുഭാവപൂർവം പരിഗണിച്ച് പരിഹാര നീക്കം നടത്താമെന്ന് തങ്ങൾ മറുപടി നൽകി. ദുബായിൽ പത്രത്തിന്റെ അച്ചടി നിർത്തി രണ്ട് വർഷം കഴിഞ്ഞെങ്കിലും ജീവനക്കാരുടെ സേവന-വേതന ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല.
കെയുഡബ്ല്യൂജെ മിഡിൽ ഈസ്റ്റ് പ്രസിഡൻറ് എം സി എ നാസർ, സെക്രട്ടറി ടി.ജമാലുദ്ദീൻ, ട്രഷറർ പ്രമദ് ബി കുട്ടി, ഐ എം എഫ് കോഓർഡിനേറ്റർമാരായ അനൂപ് കീച്ചേരി, ശിഹാബ് അബ്ദുൽ കരീം, തൻസി ഹാഷിർ എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്