യുഎഇയില്‍ ബിസിനസ് സര്‍വീസില്‍ മികച്ച സേവനം നല്‍കിവരുന്ന എമിറേറ്റ്‌സ് ഫസ്റ്റ് ഇനി ഓഡിറ്റിംഗ് മേഖലയിലേക്കും. ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എമിറേറ്റ്‌സ് ഫസ്റ്റ് പുതുതായി ഓഡിറ്റിംഗ് കമ്പനി തുടങ്ങി. ഇ-ഫസ്റ്റ് ഓഡിറ്റേഴ്‌സ് എന്ന പേരിലാണ് കമ്പനി അറിയപ്പെടുക. ടാക്‌സ്, ബുക്ക് കീപ്പിംഗ്, അക്കൗണ്ടിംഗ് തുടങ്ങി ഓഡിറ്റിംഗ് മേഖലയിലെ എല്ലാ സര്‍വീസുകളും ഓഡിറ്റിംഗ് കമ്പനിയിൽ ലഭിക്കും. എമിറേറ്റ്‌സ് ഫസ്റ്റിലൂടെ തുടങ്ങുന്ന ഒരു കമ്പനിക്ക് ഇനി അതിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മറ്റൊരു സ്ഥാപനത്തെ ആശ്രയിക്കേണ്ടി വരില്ല. കമ്പനികളുടെ ഫിനാന്‍സും ഓഡിറ്റിംഗും ടാക്‌സും അടക്കം മറ്റു അനുബന്ധ സേവനങ്ങളും എമിറേറ്റ്‌സ് ഫസ്റ്റ് എന്ന സ്ഥാപനത്തിന്റെ കുടക്കീഴില്‍ തന്നെ ലഭ്യമാവും.
യുഎഇ സാമ്പത്തിക മന്ത്രാലയത്തിൽ നിന്ന് ഓഡിറ്റർ രജിസ്ട്രിയിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുള്ള യുഎഇ ഓഡിറ്റ് പ്രാക്ടീഷണറായ ഖാലിദ് നാസർ മുഹമ്മദ് യൂസഫാണ് ഓഡിറ്റ് പങ്കാളിയായിട്ടുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റായ ജിതിൻ പള്ളിക്കണ്ടിയാണ് ഇ ഫസ്റ്റ് ഓഡിറ്റർമാരുടെ മാനേജിംഗ് പാർട്ണർ. അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ഇന്റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ്സ് (ഐഎഫ്ആർഎസ്), യുഎഇ വാറ്റ്, കോർപ്പറേറ്റ് ടാക്സേഷൻ, മാനേജ്മെന്റ് കൺസൾട്ടൻസി എന്നീ മേഖലയിലെ വിദഗ്ധരായ വൻകിട കോർപ്പറേറ്റുകളുടെ ധനകാര്യ വകുപ്പിനെ നയിക്കുന്നതിൽ 15 വർഷത്തിലധികം പരിചയസമ്പത്തുള്ള പ്രൊഫഷണലുകൾ ആണ് ഉള്ളതെന്നും കമ്പനി അധികൃതർ പറഞ്ഞു.
എമിറേറ്റ്‌സ് ഫസ്റ്റ് സേവന മേഖലയില്‍ വിജയകരമായ ഏഴാമത്തെ വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ജമാദ് ഉസ്മാന്‍ മാനേജിംഗ് ഡയറക്ടറും ഷാമില്‍ ഇസ്മാഈലും റാസിഖ് അലിയും ഡയറക്ടര്‍മാരുമായി 2018-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഗോള്‍ഡന്‍ വിസ മേഖലയിലും മുന്നേറുകയാണ്. ഖിസൈസില്‍ രണ്ട് ബ്രാഞ്ചും ദേരയില്‍ ഒരു ബ്രാഞ്ചും എമിറേറ്റ്‌സ് ഫസ്റ്റിനുണ്ട്. യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നടപ്പാക്കിയപ്പോള്‍ പ്രവാസി സമൂഹത്തിലേക്ക് ആദ്യമെത്തിച്ചത് എമിറേറ്റ്‌സ് ഫസ്റ്റാണ് എന്ന് മാനേജിംഗ് ഡയറക്ടർ ജമാദ് ഉസ്മാന്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെലിബ്രിറ്റികള്‍ക്ക് ഗോള്‍ഡന്‍ വിസ സ്ഥാപനം സമ്മാനിച്ചിട്ടുണ്ട്. സിനിമാ പ്രവര്‍ത്തകരെയും കലാകാരന്മാരുടെയും കാറ്റഗറിയില്‍ ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചതും ഈ സ്ഥാപനം മുഖേനയാണ് എന്നും ജമാദ് ഉസ്മാന്‍ പറഞ്ഞു.
ദുബൈ ദേരയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ജമാദ് ഉസ്മാന്‍ ഡയറക്ടര്‍മാരായ ഷാമില്‍ ഇസ്മായിൽ, റാസിഖ് അലി, യുഎഇ ഓഡിറ്റ് പ്രാക്ടീഷണറായ ഖാലിദ് നാസർ മുഹമ്മദ് യൂസഫ്, ചാർട്ടേഡ് അക്കൗണ്ടന്റായ ജിതിൻ പള്ളിക്കണ്ടി എന്നിവർ പങ്കെടുത്തു.