ദുബായിലെ ജനസംഖ്യ ആദ്യമായി 36 ലക്ഷം കടന്നതായി ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ പുറത്തുവിട്ട കണക്കുകൾ പറയുന്നു. പുതിയ കണക്കുകൾ പ്രകാരം ദുബായിലെ ജനസംഖ്യ 36,00,175 എന്ന പുതിയ നാഴികക്കല്ലിൽ എത്തി. ഈ വർഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തോടെ 33,000 ആളുകളുടെ ഒരു ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്, ഇത് 2022 അവസാനത്തെ അപേക്ഷിച്ച് 50,000-ത്തിലധികം താമസക്കാരുടെ 1.5 ശതമാനം വർദ്ധനവാണ്.
2020 ന്റെ തുടക്കത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ദുബായിലെ ജനസംഖ്യ 6.3 ശതമാനം വർദ്ധിച്ചു, ഇത് ഏകദേശം 2,15,000 ആളുകളുടെ വർദ്ധനവാണ് കാണിക്കുന്നത്. ലോകോത്തര അടിസ്ഥാനവികസനം, സുസ്ഥിരമായ നിയമനിർമ്മാണവും നിയമപരവുമായ അന്തരീക്ഷം, അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്നിവയാണ് ദുബായുടെ വളർച്ചയ്ക്ക് കാരണം എന്നാണ് കണക്കാക്കുന്നത് .
കണക്കുകൾ പ്രകാരം ദുബായിലെ ജനസംഖ്യയുടെ 69 ശതമാനംഏകദേശം 2.438 ദശലക്ഷം പുരുഷന്മാരും, സ്ത്രീകൾ 31 ശതമാനവും ഏകദേശം 1.111 ദശലക്ഷത്തിലധികം ആണ്. സ്വദേശികൾ ജനസംഖ്യയുടെ എട്ട് ശതമാനവും പ്രവാസികൾ 92 ശതമാനവുമാണ്. സാമ്പത്തികമായി, ജനസംഖ്യയുടെ 81 ശതമാനവും തൊഴിൽ വിപണിയിൽ സജീവമാണ്. ഏകദേശം 2.864 ദശലക്ഷം ആളുകളെ പ്രതിനിധീകരിക്കുന്നതാണ് ഈ കണക്ക് , ഇതിൽ 73 ശതമാനം പുരുഷന്മാരാണ്. സാമ്പത്തികമായി ജനസംഖ്യയിൽ സജീവമായിരിക്കുന്നത് 29 നും 39 നും ഇടയിൽ പ്രായമുള്ളവരാണ്.

