പൊതുനിരത്തുകളിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത കാലം പാലിക്കണമെണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ വാഹനങ്ങൾ തൊട്ടുമുൻപിലുള്ള വാഹനത്തിൽനിന്ന് അകലം പാലിക്കാതെ തൊട്ടുരുമ്മി പോകുന്ന ടെയിൽഗേറ്റിങ് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ റഡാർ സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ദുബായ് പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് നടത്തിയ പത്രസമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്.
ടെയിൽഗേറ്റിങ് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പിഴ ചുമത്താനും ദുബായ് പോലീസ് ഇനി റഡാറുകൾ ഉപയോഗിക്കുന്നതിൻ്റെ മുന്നോടിയായാണ്, വാഹനമോടിക്കുന്നവർ മുന്നിലുള്ള വാഹനങ്ങളിൽനിന്ന് മതിയായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് ബോധവൽക്കരണ കാംപയ്‌നുകൾ ആരംഭിച്ചത്. ടെയിൽഗേറ്റിങ് നിയമലംഘനങ്ങൾ കാരണമുണ്ടാവുന്ന അപകട സംഭവങ്ങൾ വലിയ തോതിൽ വർധിച്ചു വരുന്നതായി അധികൃതർ ശ്രദ്ധിച്ചതോടെയാണ് ഇത്. ടെയിൽഗേറ്റിങ് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കാവുന്ന നിയമ ലംഘനമാണ്. ടെയിൽഗേറ്റിങ് ഉൾപ്പെടെയുള്ള ഒന്നിലധികം ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് 30 ദിവസം വരെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും പോലീസ് വ്യക്തമാക്കി. റഡാറുമായി സംയോജിപ്പിച്ച കൃത്രിമ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പരീക്ഷണം ഇതിനകം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ട്രയൽ റൺ വേളയിൽ ഇക്കാര്യത്തിൽ റഡാറുകളുടെ കൃത്യത ഉറപ്പാക്കാൻ സാധിച്ചതായി ട്രാഫിക് ടെക്നോളജി വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ എഞ്ചിനീയർ മുഹമ്മദ് അലി കറം പറഞ്ഞു.
ടെയിൽഗേറ്റിങ്ങിന് പുറമേ, അമിതമായ ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിക്കുന്നത് ഉൾപ്പെടെ ദുബായിലെ നിരവധി ഗതാഗത നിയമലംഘനങ്ങൾ റഡാറുകൾ നിരീക്ഷിക്കും. ഈ നൂതന റഡാറുകൾക്ക് ശബ്ദം, അതിന്റെ ഉറവിടം, അതിന്റെ അളവ് എന്നിവ കണ്ടെത്താനും ശബ്ദ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും കഴിയും. ശബ്ദ പരിധി ലംഘിച്ചാൽ 2,000 ദിർഹം പിഴയും ഡ്രൈവറുടെ റെക്കോർഡിൽ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ട്രാഫിക് സിഗ്നലുകൾ: ചുവന്ന ലൈറ്റ് മറികടക്കുന്നതിന് 1,000 ദിർഹം പിഴ, 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 12 ബ്ലാക്ക് പോയിന്റുകൾ എന്നിവ ലഭിക്കും.
പരമാവധി വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 3,000 ദിർഹം പിഴ, 60 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 23 ബ്ലാക്ക് പോയിന്റുകൾ, 60 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ 2,000 ദിർഹം പിഴ, 20 ദിവസത്തെ വാഹന കണ്ടുകെട്ടൽ, 12 ബ്ലാക്ക് പോയിന്റുകൾ, 50 കിലോമീറ്റർ കവിഞ്ഞാൽ 1,000 ദിർഹം പിഴ, 40 കിലോമീറ്റർ കവിഞ്ഞാൽ 700 ദിർഹം പിഴ, 30 കിലോമീറ്റർ കവിഞ്ഞാൽ 600 ദിർഹം പിഴ, 20 കിലോമീറ്റർ കവിഞ്ഞാൽ 300 ദിർഹം പിഴ.