ദുബൈയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതിനാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഡ്രിഫ്റ്റിങ്, റേഡിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് മിക്ക ഡ്രൈവര്‍മാരും നടത്തിയത് എന്നും പോലീസ് വെളിപ്പെടുത്തി. റോഡുകളില്‍ സ്റ്റണ്ട് ഷോ ഉള്‍പ്പെടെ നടത്തിയ 33 വാഹനങ്ങള്‍ ആണ് പൊലീസ് കണ്ടുകെട്ടിയത്. തിരക്കേറിയ റോഡുകളില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന രീതിയിലും ചിലര്‍ അശദ്ധയോടെ വാഹനമോടിച്ചെന്നും പൊലീസ് പറഞ്ഞു.
ജീവന് ഭീഷണിയാകുന്ന രീതിയില്‍ വാഹനമോടിക്കുന്നതായി ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചെന്നും ഇതേ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തതെന്നും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. ഡ്രിഫ്റ്റിങിന്റെയും റേസിങിന്റെയും ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് പലരും അഞ്ജരാണെന്നും മേജര്‍ ജനറല്‍ മസ്‌റൂയി വ്യക്തമാക്കി.
ജബല്‍ അലി-ലെഹ്ബാബ് റോഡ്, ജുമൈറ റോഡ്, ഫസ്റ്റ് അല്‍ ഖൈര്‍ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ റോഡുകളില്‍ ട്രാഫിക്കിന്റെ എതിര്‍ ദിശയില്‍ വാഹനമോടിക്കുന്നത് പോലുള്ള ഗുരുതര നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.