ജബൽ അലി മെട്രോ സ്റ്റേഷന്റെ പേര് നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്നാക്കി മാറ്റിയതായി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റെഡ് ലൈനിലെ സ്റ്റേഷൻ ആണ് ജബൽ അലി മെട്രോ സ്റ്റേഷൻ. ദുബായിലെ ഏറ്റവും തിരക്കുക്കുള്ളതും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യാവസായിക കേന്ദ്രങ്ങളിലൊന്നായ ജബൽ അലി ഫ്രീ സോണിലാണ് ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അടുത്ത 10 വർഷത്തേക്കാണ് ഇത് നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുകയെന്ന് ആർടിഎ അറിയിച്ചു.
അടുത്ത മാസം മുതൽ ഒക്ടോബർ അവസാനം വരെ മെട്രോ സ്റ്റേഷനുകളിലുടനീളമുള്ള എല്ലാ ദിശാസൂചന ബോർഡുകളും ആർടിഎ അപ്‌ഡേറ്റ് ചെയ്യുകയും പുനർനാമകരണം ചെയ്യുകയും ചെയ്യും. ആർടിഎയുടെ സ്മാർട്ട് ഡിജിറ്റൽ സിസ്റ്റങ്ങൾ, പൊതുഗതാഗത ആപ്ലിക്കേഷനുകൾ, സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും ശേഷവും ഓൺബോർഡ് ഓഡിയോ അറിയിപ്പുകൾ എന്നിവയിലും പുതിയ പേര് പ്രതിഫലിക്കും എന്നും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.