വിദേശ യാത്രകൾ കാത്തിരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് അധികൃതർ. ഫെബ്രുവരി 28 വരെയുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ വൻ തിരക്ക് അനുഭവപ്പെടുമെന്നാണ് പ്രധാന അറിയിപ്പ്. അതുകൊണ്ടുതന്നെ ഈ സമയങ്ങളിൽ ദുബായിയിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കുകയാണ്.
നിലവിലെ കണക്കുകൾ അനുസരിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 20നും 28നും ഇടയില്‍ 2.5 ദശലക്ഷത്തിലധികം സന്ദര്‍ശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ അറിയിക്കുന്നത്. പ്രതിദിനം ശരാശരി 280,000 പേരെത്തും. ഫെബ്രുവരി 22 ശനിയാഴ്ച ഇത് 295,000 ല്‍ കൂടുതലായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
തിരക്ക് പരമാവധി കുറയ്ക്കുന്നതിന് വിമാനത്താവളത്തിലേക്കും തിരിച്ചും ടെര്‍മിനലുകള്‍ ഒന്നിനും മൂന്നിനും ഇടയില്‍ ദുബായ് മെട്രോ ഉപയോഗിക്കാന്‍ യാത്രക്കാരോട് വിമാനത്താവളം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരി 21 മുതല്‍ അറൈവല്‍സ് ബസ് സ്റ്റോപ്പ് സര്‍വീസ് നിര്‍ത്തിവയ്ക്കും. ബദല്‍ ഗതാഗത ഓപ്ഷനുകളും പുതുക്കിയ ബസ് ഷെഡ്യൂളുകളും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.