ദുബൈ ഗ്ലോബൽ വില്ലേജിൽ പുതുവർഷത്തെ വരവേൽക്കാൻ വൈവിധ്യമായ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പുതുവത്സരത്തെ വരവേറ്റ് ഡിസംബർ 31ന് ഏഴു സമയങ്ങളിലായി നടത്തുന്ന കരിമരുന്ന് പ്രകടനങ്ങൾ ഗ്ലോബൽ വില്ലേജിന്റെ ആകാശത്ത് ശബ്ദ വർണങ്ങൾ വിതറും. രാത്രി 7 സമയങ്ങളിൽ 7 വെടിക്കെട്ട് നടത്തുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 8 മണി, 9 മണി, 10 മണി, 10.30, 11 മണി, 12 മണി, ഒരു മണി എന്നീ സമയങ്ങളിലാണ് വെടിക്കെട്ട് ഉണ്ടാകുക. അതോടൊപ്പം പ്രധാന സ്റ്റേജിൽ തത്സമയ പ്രകടനങ്ങളും ഡി.ജെ ഷോയും മറ്റ്ു നിരവധി വിനോദ പരിപാടികളും സംഘടിപ്പിക്കും. കൂടാതെ വിവിധ രാജ്യങ്ങളുടെ പവിലിയനുകളിൽ അതാത് രാജ്യങ്ങളുടെ സംഗീത കലാ പരിപാടികളും അരങ്ങേറും. പുതുവത്സര ദിന ആഘോഷങ്ങൾക്കായി 31ന് പതിവുപോലെ വൈകീട്ട് നാലു മുതൽ പ്രവേശനം അനുവദിക്കും. പുലർച്ച മൂന്നുവരെ നീളുന്ന ആഘോഷപരിപാടികളാണ് പുതുവർഷത്തെ വരവേൽക്കാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.