ദുബൈയുടെ വിനോദ വാണിജ്യ ഉത്സവങ്ങൾക്ക് തുടക്കമിട്ട് ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറന്നു. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് ‘ആഗോള ഗ്രാമ’ത്തിന്റെ വാതിലുകൾ വീണ്ടും തുറന്നത്. പുതിയ വിനോദ കൗതുക, ഷോപ്പിങ്, ഡൈനിങ് അനുഭവങ്ങൾ എല്ലാം ഒരുക്കിയാണ് ദുബായ് ഗ്ലോബൽ വില്ലേജ് ഇക്കുറി സന്ദർശകരെ സ്വീകരിക്കുന്നത്. 27ആം വർഷത്തിലേക്ക് കടന്ന ‘ആഗോള ഗ്രാമം’ ഓരോ തവണയും പുതിയ പുതിയ കൗതുകങ്ങളുമായാണ് മിഴി തുറക്കുന്നത്. ഇക്കുറിയും ഏറെ വിഭിന്നങ്ങളായ കൗതുകകാഴ്ചകളും ആഗോളഗ്രാമം ഒരുക്കിയിട്ടുണ്ട്.
ഈ വർഷം 27 പവലിയനുകൾ ആണ് ഗ്ലോബൽ വില്ലേജിൽ അണിനിരക്കുന്നത്. 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ , വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ,കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, മിറിയം ഫെയേഴ്സിന്റെയും നാൻസി അജ്‌റാമിന്റെയും നേഹ കക്കറിന്റെയും സംഗീതപരിപാടികളും , ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജ് മുഴുവൻ കാണാൻ സൗകര്യമുള്ള ‘ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ’ അടക്കം 175 തരം റൈഡുകളും ഗെയിമുകളും ഇതിനു പുറമെയുണ്ട്. എല്ലാ വർഷവും രണ്ട് പ്രവേശനകവാടമാണ് ഉണ്ടാവാറുള്ളത് .എന്നാൽ ഇക്കുറി മൂന്നു പ്രവേശനകവാടങ്ങൾ ഒരുക്കിയിട്ടുണ്ട്
ഈ സീസണിൽ ഖത്തർ, ഒമാൻ എന്നിവയാണ് സ്വന്തമായി പുതിയ പവലിയനുകളുമായി എത്തിയിട്ടുള്ളത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ നേരത്തെ മുതലുള്ള പവലിയനുകളും ഇത്തവണയുണ്ട്.
അടുത്ത വർഷം ഏപ്രിൽ 29വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകുന്നേരം 4 മുതൽ രാത്രി 1 മണിവരെയും ഗ്ലോബൽ വില്ലേജ് സന്ദർശിക്കാം.
സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്നവർക്ക് രണ്ടു ടിക്കറ്റുകൾക്കും 10 ശതമാനം കുറവ് ലഭിക്കും. 18 ദിർഹമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. എനി ഡേ ടിക്കറ്റ്: 25 ദിർഹം ഓൺലൈൻ വഴി എടുത്താൽ 22.5 ദിർഹം – ഒഴിവു ദിവസമെന്നോ ആഴ്ച ദിവസമെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ടിക്കറ്റ്. വാല്യു ടിക്കറ്റ്:. 20 ദിർഹം ഓൺലൈൻ വഴി എടുത്താൽ 18 ദിർഹം – ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പ്രവേശനം. ഈ ദിവസങ്ങളിൽ പൊതു അവധിയുണ്ടെങ്കിൽ ഈ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയില്ല. 3 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ടിക്കറ്റില്ല.
കോവിഡിന് ശേഷം ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ഗ്ലോബൽ വില്ലേജ് സീസൺ. 78 ലക്ഷം സന്ദർശകരായിരുന്നു കഴിഞ്ഞ തവണ ആഗോളനഗരിയിൽ എത്തിയത് .എന്നാൽ ഇക്കുറി അതിലേറെ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്