വിനോദ ഷോപ്പിംഗ് കേന്ദ്രമായ ദുബായ് ഗ്ലോബൽ വില്ലേജിൽ ഇന്ന് ‘ABBA റീയൂണിയൻ ട്രിബ്യൂട്ട് ഷോ’ അരങ്ങേറും. രാത്രി 7:40-നും 9:20-നും ആണ് ഗ്ലോബൽ വില്ലേജിലെ പ്രധാന സ്റ്റേജിൽ പരിപാടി നടക്കുക. ‘വാട്ടർലൂ’ മുതൽ ‘ഡാൻസിംഗ് ക്വീൻ’ വരെയുള്ള ABBAയുടെ കാലാതീതമായ ക്ലാസിക്കുകൾ, ശബ്ദത്തിലും ശൈലിയിലും ഉയർന്ന തലത്തിലുള്ള മികച്ച പ്രകടനങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്ക് സാധിക്കും. ഗ്ലോബൽ വില്ലേജ് സീസൺ 29-ന്റെ വിനോദ, സംഗീത പരിപാടികളുടെ വലിയ നിരയിലെ ഒന്നുകൂടിയാണ് ഈ ട്രിബ്യൂട്ട് ഷോ.
ഇതിഹാസ സ്വീഡിഷ് പോപ്പ് ഗ്രൂപ്പായ ABBA, 1974-ൽ യൂറോവിഷൻ ഗാനമത്സരത്തിൽ വിജയിച്ചതിന് ശേഷം അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയരുകയും ചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സംഗീത പരിപാടികളിലൊന്നായി മാറുകയും ചെയ്തു. ഗ്ലോബൽ വില്ലേജിലെ പരിപാടി കാണുവാൻ പ്രത്യേക ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ്, അല്ലെങ്കിൽ ഗ്ലോബൽ വില്ലേജിന്റെ പ്രവേശന കവാടങ്ങളിലെ ടിക്കറ്റിംഗ് കൗണ്ടറുകൾ എന്നിവയിലൂടെ എടുക്കുന്ന ഗ്ലോബൽ വില്ലേജ് എൻട്രി ടിക്കറ്റ് മാത്രം മതി.
ഗ്ലോബൽ വില്ലേജിലെ വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിശേഷ ദിവസങ്ങളിലെ പരിപാടികൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയവ വൈവിധ്യ അനുഭവങ്ങൾ ആണ് ഓരോ സന്ദർശകനും സമ്മാനിക്കുക. തെരുവ് കലാപ്രകടനങ്ങൾ, സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ വേറെയുമുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ രാത്രി 12 മണി വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒരു മണിവരെയും ഗ്ലോബൽ വില്ലജ് പ്രവർത്തിക്കും. 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.