അറബ് ലോകത്തെ മാതൃദിനം ദുബൈ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ)വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യം മാർച്ച് 21 ആണ് മാതൃദിനമായി ആചരിക്കുന്നത്. അമ്മമാരെ ആദരിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി ലക്ഷ്യമിട്ടുള്ള ദിനാചരണ പരിപാടികൾ വകുപ്പിന്റെ അൽ ജാഫ്ലിയ ഓഫീസിലാണ് നടന്നത്. വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
ചടങ്ങുകളുടെ ഭാഗമായി, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച “മദേഴ്‌സ് എൻഡോവ്‌മെൻ്റ്” സംരംഭത്തെ പിന്തുണക്കാൻ ജ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഓൺലൈൻ പവലിയൻ സജ്ജീകരിച്ചു. നിരവധി ജീവനക്കാർ സംരംഭത്തെ പിന്തുണച്ച് പങ്കാളികളായി.
ജീവനക്കാർക്ക് അവരുടെ അമ്മമാരോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമും ഒരുക്കിയിരുന്നു. “മേക്ക് ഹെർ ഹാപ്പി വിത്ത് എ മെസേജ്” – എന്ന സന്ദേശ പരിപാടിയിലൂടെ ജീവനക്കാർ അമ്മമാരോട് ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. വ്യക്തിപരമാക്കിയ സന്ദേശങ്ങളിലൂടെ, അമ്മമാർ അനുദിനം പ്രകടിപ്പിക്കുന്ന നിസ്വാർത്ഥമായ അർപ്പണബോധത്തിനും സ്‌നേഹത്തിനുമുള്ള ആഴമായ ആദരവുകൾ ജീവനക്കാർ പ്രകടിപ്പിച്ചു.
സമൂഹത്തിന് അമ്മമാർ നൽകിയ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുകയും അവരോടുള്ള അഭിനന്ദനം, നന്ദി, പിന്തുണ എന്നിവയുടെ സംസ്കാരം വളർത്തുകയും ചെയ്യുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ജിഡിആർഎഫ്എ ദുബൈ പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് അറിയിച്ചു.