പെരുന്നാൾ അവധിദിനങ്ങൾ അടുത്തതോടെ ദുബായ് വിമാനത്താവളങ്ങളിൽ തിരക്ക് വർദ്ധിക്കുകയാണ്. വാരാന്ത്യത്തിൽ ആരംഭിക്കുന്ന പെരുന്നാൾ അവധി ആറ് ദിവസം നീണ്ടുനിൽക്കുന്നതിനാൽ അവധി ദിനങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 252,000 ആയി ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ കണക്കാക്കുന്നത്. കൂടാതെ അവധി ദിനങ്ങൾക്കൊപ്പം യുഎഇയിലെ വേനൽക്കാല സ്കൂൾ അവധിയും വരുന്നത്തോടെ തിരക്ക് വീണ്ടും വർദ്ധിക്കും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദുബായ് എയർപോർട്ട്‌സ് മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
ഫ്ലൈ ദുബായ് യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയത്തിന് 4 മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. മറ്റ് എയർലൈനുകളിൽ യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. സമയം ലാഭിക്കാൻ ഓൺലൈൻ ചെക്ക്-ഇൻ ഉപയോഗിക്കാനും നിർദ്ദേശം ഉണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന 12 വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പടെ ഉള്ളവർക്ക് സ്മാർട്ട് ഗേറ്റ്‌കളും തിരക്കു ഒഴിവാക്കാൻ ഉപയോഗിക്കാം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വരും ആഴ്ചകളിൽ കൂടുതൽ തിരക്കേറിയതായിരിക്കുമെന്നാണ് ദുബായ് എയർപോർട്ട്സ് അറിയിച്ചിരിക്കുന്നത്. ജൂൺ 20 നും ജൂലൈ 3 നും ഇടയിൽ ഏകദേശം 3.5 ദശലക്ഷം യാത്രക്കാരെയാണ് ദുബായ് വിമാനത്താവളം സ്വീകരിക്കുക, ജൂൺ 24 ശനിയാഴ്ച, ദുബായ് വിമാനത്താവളം ഏകദേശം 100,000 യാത്രരെ സ്വീകരിക്കും. പെരുന്നാൾ അവധിയുടെ അവസാനദിവസമായ ജൂലൈ 2 ന് 3 ലക്ഷത്തിലധകം യാതക്കാരെ സ്വീകരിച്ച് റെക്കോർഡ് മറികടക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.