ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-മത് സീസണ് ഇന്ന് തുടക്കമായി. 46 നാൾ നീളുന്ന ഷോപ്പിങ് മാമാങ്കത്തിന് കൂടിയാണ് ഇന്ന് കൊടികയറിയത്. ഇനി ദുബായില്‍ ഉത്സവരാവുകളാണ്. പത്ത് ലക്ഷം ദിർഹം,1 കിലോ സ്വർണം, ഡൗണ്‍ടൗണ്‍ ദുബായില്‍ അപാർട്മന്‍റ് തുടങ്ങി വിവിധ സമ്മാനങ്ങള്‍ ആണ് ഇക്കുറി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവൽ 28ാം എഡിഷനിൽ ഷോപ്പിങ്ങിനൊപ്പം കണ്ണിനും കാതിനും അനുഭവ വിരുന്നും കാത്തിരിക്കുന്നു. ഡിഎസ്എഫിന്‍റെ പ്രധാന ആകർഷണമായ കരിമരുന്ന് പ്രയോഗവും പുതുവത്സരമുള്‍പ്പടെയുളള ദിവസങ്ങളിൽ നടക്കും. ഡൗണ്‍ടൗണ്‍, അല്‍ സീഫ്, ബ്ലൂവാട്ടേഴ്സ്,ഫെസ്റ്റിവല്‍ സിറ്റിമാള്‍,ദ പോയിന്‍റെ എന്നിവിടങ്ങളിലാണ് കരിമരുന്ന്, ഡ്രോണ്‍ ഷോകള്‍ നടക്കുക.
എമിറേറ്റിലെ വിവിധ ഇടങ്ങളില്‍ സംഗീത പരിപാടികളും ലേസർ ലൈറ്റ് ഷോകളും കരിമരുന്ന് പ്രയോഗവും നടക്കും. ഇന്ന് മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും. രാത്രി 7നും 10നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും. ദ ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി. ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ്. ഇന്ന് രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട് ഉണ്ടാകും. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് നടക്കും. പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു.
പാം ജുമൈറയില്‍ ലൈറ്റിംഗ് ഡിസ്ട്രിക്റ്റ് , ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ, ‘സ്കൈ കാസിൽ’ എന്ന പേരിൽ വലിയ ആർട്ട് ഇൻസ്റ്റാളേഷനും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുന്ന ദിവസങ്ങളിലെല്ലാം കൊക്കോകോള അരീന ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ സംഗീത വിനോദപരിപാടികള്‍ നടക്കും. അറബിക് താരങ്ങളായ മുഹമ്മദ് ഹമാക്കിയും അഹമ്മദ് സാദും കൊക്കകോള അരീനയിൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. വിവിധ മാളുകളില്‍ ദിവസേന വിനോദ പരിപാടികളും നടക്കും. എമിറേറ്റിലെ 40 ലധികം മാളുകളില്‍ ഉള്‍പ്പടെയാണ് സ്റ്റേജ് ഷോകള്‍, സംഗീത വാട്ടർ ഫൗണ്ടെയ്ന്‍ ഷോ, മോദേഷും ഡാനയെയും കാണാനുളള അവസരം തുടങ്ങിയ ഒരുങ്ങുന്നത്.
ഇത്തവണ ഡിഎസ്എഫ് ദിവസങ്ങളില്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും സമ്മാനങ്ങളുമാണ്. നിസ്സാന്‍ പട്രോള്‍ ഉള്‍പ്പടെ 40 ദശലക്ഷത്തിലധികം ദിർഹത്തിന്‍റെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ 1,00,000 ദിർഹം സമ്മാനവും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമാകുന്ന മാളുകളില്‍ നിന്ന് 200 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ നിന്ന് നറുക്കെടുപ്പിലൂടെ പത്ത് ലക്ഷം ദിർഹം സമ്മാനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദുബായ് മെഗാ റാഫിള്‍, ദുബായ് ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ് റാഫിള്‍, ദുബായ് ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പ് ഇനോക് ഗ്രാന്‍ഡ് റാഫിള്‍, ഉള്‍പ്പടെയുളളവയിലും നറുക്കെടുപ്പുകള്‍ ഉണ്ടാകും. 2023 ജനുവരി 29ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ അവസാനിക്കും.