കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്ക് ബജറ്റ് ഊന്നൽ നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ജോലിയിലും നൈപുണ്യത്തിലും പ്രവാസികളെ പിന്തുണയ്ക്കുന്നതിനുള്ള വിവിധ പദ്ധതികൾ ബജറ്റിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിവിധ തലങ്ങളിലെ അപര്യാപ്തതകൾ പരിഹരിക്കുന്നതിനും, ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിലും ബജറ്റ് നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്. ബജറ്റിൽ വകയിരുത്തിയ 2828.33 കോടി രൂപ പ്രിവന്റീവ്, ക്യൂറേറ്റീവ് സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള വിഹിതം വർധിപ്പിച്ചതിനൊപ്പം പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ സഹായിക്കുന്ന ക്യാൻസർ സെന്ററുകൾ എല്ലാ ജില്ലാ ആശുപത്രികളിലും ആരംഭിക്കാനുള്ള തീരുമാനവും സന്തോഷകരമാണ്. അനുയോജ്യമായ ഫണ്ട് അനുവദിച്ച് സംസ്ഥാനത്തെ മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷനായി ഉയർത്താനുള്ള നീക്കം കൂടുതൽ രോഗികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള മികച്ച നടപടിയായി കാണുന്നുവെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.