മലയാള സിനിമാ ലോകത്ത് പെയ്ഡ് റിവ്യൂകളുടെ കാലമാണിതെന്ന് സംവിധായകൻ വി. കെ. പ്രകാശ് പറഞ്ഞു. പണം നൽകിയാൽ നന്നായിട്ടും ഇല്ലെങ്കിൽ മോശമായും ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെക്കുറിച്ച് എഴുതുന്നതായും മോശമായി എഴുതുമ്പോൾ അത് പലരെയും ബാധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈവ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗിക്കാത്ത സിനിമാപ്രവർത്തകരുടെയും ഭാഗത്തു നിന്ന് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും നടി മംമ്ത മോഹൻദാസ്. കുടുംബ പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് കാരണങ്ങള്‍ എല്ലാം പല അഭിനേതാക്കളെയും ബാധിക്കാറുണ്ടെന്നും കൂടെ അഭിനയിക്കുന്നവർക്ക് പരമാവധി പിന്തുണ നൽകാൻ ശ്രമിക്കാറുണ്ടെന്നും മംമ്ത പറഞ്ഞു. അതേസമയം കൂടെ അഭിനയിക്കുന്നവർ ലഹരിക്ക് അടിമകളാണോ അല്ലയോ എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്ന് നടി പ്രിയാ വാര്യർ പറഞ്ഞു. ലഹരി ഉപയോഗിച്ച് ആരുടെ ഭാഗത്തുനിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു.