കുട്ടികളുടെ വായനോത്സവം മികച്ച അനുഭവമാണ് നൽകുന്നതെന്ന് അധ്യാപിക സെലീന ജോസഫ്. അറിവ് പകരുന്ന നിരവധി പുസ്തകങ്ങൾ മേളക്ക് എത്തിച്ചിട്ടുണ്ടെന്നും 32 വർഷമായി അബുദാബി ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന സെലീന ജോസഫ് പറഞ്ഞു. യുഎഇയിൽ വായനയുടെ വലിയ ഒരു ലോകമാണ് ഈ വായനോത്സവം വഴി ലഭിക്കുന്നത്, ഡിജിറ്റൽ യുഗമാണെങ്കിലും മാതാപിതാക്കളും അധ്യാപകരും വായനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സെലീന ജോസഫ് കൂട്ടിച്ചേർത്തു. കുട്ടികളുടെ വായനോത്സവത്തെ അടുത്തറിയാനായി അബുദാബിയിൽ നിന്ന് ഷാർജയിൽ എത്തിയതായിരുന്നു സെലീന ജോസഫ്.

പുതിയ തലമുറ വായന ഒഴിവാക്കുന്നില്ലെങ്കിലും പത്രവായന ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണെന്നും സെലീന പറയുന്നു. ഇങ്ങനെയുള്ള വായനോത്സവങ്ങൾ തീർച്ചയായും വേണമെന്നും ഇവ കുട്ടികൾക്ക് ഉണർവും ആവേശവുമാണെന്നും കളറിംഗ്, ചിത്രരചന പോലുള്ള പരിപാടികൾ കുട്ടികൾക്ക് ഇവിടേയ്ക്ക് വരാനുള്ള താത്പര്യത്തെ കൂട്ടുന്നുണ്ടെന്നും സെലീന പറഞ്ഞു. പുസ്തകവായന തന്നെയാണ് ഏറ്റവും മികച്ച വായനയെന്ന് ഒരു അധ്യാപിക എന്നനിലയിൽ പറയാൻ ആഗ്രഹിക്കുന്നതായും സെലീന ജോസഫ് പറഞ്ഞു.
ഈ മാസം 4 വരെ ഷാർജ എക്സ്പോ സെന്ററിൽ ആണ് ‘പുസ്തകങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാം’ എന്ന പ്രമേയത്തിൽ കുട്ടികളുടെ വായനോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.