പ്രശസ്ത ബോളിവുഡ് ഗായിക നേഹ കക്കർ ദുബായ് ഗ്ലോബൽ വില്ലേജിൽ സംഗീതപരിപാടി അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രധാന വേദിയിൽ നടന്ന പരിപാടിയിൽ നേഹ കക്കർ ഏറ്റവും ജനപ്രിയമായ ഗാനങ്ങൾ അവതരിപ്പിച്ച് ജനക്കൂട്ടത്തെ വിസ്മയിപ്പിച്ചു. മിറിയം ഫെയേഴ്സിന്റെയും നാൻസി അജ്‌റാമിന്റെയും വൻ ജനപ്രീതിയാർജ്ജിച്ച പ്രകടനങ്ങൾക്ക് ശേഷം കക്കറിന്റെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റി. ഗ്ലോബൽ വില്ലേജിലെ ഈ സീസണിലെ മൂന്നാമത്തെ സംഗീത പരിപാടിയായിരുന്നു നേഹയുടേത്.
സുകൂൻ എന്ന ആൽബത്തിലെ “ദിൽ കോ കാരാർ ആയ,” ബാർ ബാർ ദേഖോ എന്ന സിനിമയിലെ “കാലാ ചഷ്മ,” സിംബയിലെ “ആംഖ് മേരേ” തുടങ്ങിയ ഗാനങ്ങളും അവതരിപ്പിച്ച് സദസ്സിനെ ഇളക്കിമറിച്ചു
‘മിലെ ഹോ തും’, ‘ദിൽബർ’, ‘സിംബ’ തുടങ്ങിയ ഹിറ്റുകൾക്ക് പേരുകേട്ട അവർ ‘സെക്കൻഡ് ഹാൻഡ് ജവാനി’ എന്ന ഡാൻസ് ട്രാക്കിന്റെ റിലീസിലൂടെ പ്രശസ്തി നേടി. യാരിയാനിലെ ‘സണ്ണി സണ്ണി’, 2014-ലെ സൗണ്ട് ട്രാക്ക് ആൽബമായ ‘ക്വീൻ’-ലെ ‘ലണ്ടൻ തുമക്ഡ’ എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പാർട്ടി ഗാനങ്ങളും കക്കർ പുറത്തിറക്കി. 2019-ൽ യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട (4 ബില്യണിലേറെ) ഗായികയാണിവർ. 2021-ൽ യു ട്യൂബിന്റെ ഡയമണ്ട് അവാർഡ് ലഭിച്ചു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യൻ കലാകാരിയാണിവർ. ഫോർബ്‌സിന്റെ 100 പേരുടെ ഇന്ത്യ സെലിബ്രിറ്റി പട്ടികയിലും ഇടംനേടി. 72 ദശലക്ഷത്തിലധികം പേർ ഇവരെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്.