മോശം കാലാവസ്ഥയെത്തുടർന്ന് എമിറേറ്റ്സ് വിമാന കമ്പനി ചില യാത്രകൾ റദ്ദാക്കി. മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിച്ചേരുന്നതിലോ പുറപ്പെടുന്നതിലോ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്കിറങ്ങുന്നവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് കാലാവസ്ഥ അപ്‌ഡേറ്റുകൾ പരിശോധിക്കുകയും വെള്ളം കെട്ടി നിൽക്കുന്ന റോഡുകളിലൂടെ യാത്ര ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു
യുഎഇയിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പ്രകാരം ഇന്നലെ മെയ് ഒന്നിന് അർദ്ധരാത്രി മുതൽ അബുദാബി അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത മഴ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്. അബുദാബിയിൽ ഇന്ന് രാവിലെ മൂന്ന് മണി മുതൽ മഴ ലഭിക്കുന്നുണ്ട്. രാവിലെ മഴ ദുബായ് ഷാർജ എമിറേറ്റുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി.