ഇമ്മേഴ്സീവ് എക്സീപിയന്‍ഷ്യല്‍ എന്‍റർടെയ്ന്‍മെന്‍റ് പാർക്കുകളില്‍ ആദ്യത്തേതായ “അയ” ദുബായ് വാഫി സിറ്റിയില്‍ ആരംഭിച്ചു. 40000 ചതുരശ്ര അടിയിലാണ് വിനോദ പാർക്ക് ഒരുക്കിയിട്ടുളളത്. 12 സോണുകളായാണ് അയ (എവൈഎ) വിനോദ പാർക്ക് ഇവിടെ സജ്ജമാക്കിയിട്ടുളളത്. ദ സോഴ്സ്, ഹാർമോണിയ, ഫ്ളോറ, ടൈഡ്സ്, ഫാള്‍സ്, റിവർ, സെലെസ്റ്റിയ, ഔട്ട്ലാന്‍റ്, ലൂണ, ദ പൂള്‍, ഡ്രിഫ്റ്റ്, അറോറ എന്നീ 12 സോണുകളാണ് ഉളളതെന്നും ഹൈപ്പർ സ്പേസ് സിഇഒ അലക്സാണ്ടർ ഹെല്ലർ പറഞ്ഞു. കാഴ്ചക്കാർക്ക് കൗതുകം പകരുന്ന നിറങ്ങളുള്ള നദിയും, വർണ്ണങ്ങൾ പൂക്കൂന്ന പൂന്തോട്ടവും, ദശലക്ഷകണക്കിന് നക്ഷത്രങ്ങളും, കുളങ്ങളുമെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഈ വിനോദ പാർക്കിലേക്ക് ഒരാള്‍ക്കുളള പ്രവേശന ഫീസ് 99 ദിർഹമാണ്. മൂന്ന് വയസില്‍ താഴെയുളളവർക്കും പ്രവേശനം സൗജന്യമാണ്. നിശ്ചയദാർഢ്യക്കാർക്ക് പ്രവേശനം സൗജന്യമാണ്. ഇവരുടെ കൂടെ വരുന്ന ആള്‍ക്കും സൗജന്യമായി പാർക്കില്‍ പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.