വ്യോമാക്രമണങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിക്കാൻ യു എ ഇ അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും, ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ ഉടൻ തന്നെ അക്കാര്യം അധികൃതരുമായി റിപ്പോർട്ട് ചെയ്യാനും യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
വ്യോമാക്രമണങ്ങളുടെ ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങൾ, ഏതെങ്കിലും വസ്തുക്കൾ എന്നിവയെ സമീപിക്കുകയോ, സ്പർശിക്കുകയോ, ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യേണ്ടത് പ്രത്യേക സംഘങ്ങളുടെ ഉത്തരവാദിത്വമാണെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി ഊന്നിപ്പറഞ്ഞു. ഇത്തരം വസ്തുക്കൾ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവയുമായി ഇടപഴകുന്നത് സുരക്ഷാ അപകടങ്ങൾക്ക് കാരണമാകുമെന്ന് അറിയിച്ച നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി അവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ 999 എന്ന അടിയന്തര സേവന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും കൂട്ടിച്ചേർത്തു.

