ജിസിസി മേഖലയില്‍ ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ജിസിസിയിലെ പ്രമുഖ ഫാര്‍മസി ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി, ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായുള്ള ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. ദുബായില്‍ നടന്ന ആഗോള ആരോഗ്യ സംരക്ഷണ പ്രദര്‍ശനമായ അറബ് ഹെല്‍ത്തില്‍ വെച്ചാണ് ഇരു സ്ഥാപനങ്ങളും തമ്മില്‍ ഈ കരാറില്‍ ഒപ്പുവെച്ചത്.
ഹെല്‍ത്ത് കെയര്‍ സേവനങ്ങളിലൂടെയും ഉല്‍പ്പന്നങ്ങളിലൂടെയും സമൂഹത്തിന് മികച്ച മെഡിക്കല്‍ സഹായം എത്തിക്കാന്‍ സാധിക്കുന്നുവെന്ന് ആസ്റ്റര്‍ വിശ്വസിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച ആസ്റ്റര്‍ ഫാര്‍മസി ഡോ. റെഡ്ഡിയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന വാഗ്ദാനങ്ങളും, മരുന്നുകളുടെ വിപണന വൈദഗ്ധ്യവും ഉപയോഗിച്ച്, ഈ രംഗത്തെ ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഈ പങ്കാളിത്തം സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
യുഎഇയുമായും ജിസിസിയുമായും അടുത്ത ബിസിനസ് ബന്ധമാണുള്ളതെന്ന് എപിഐ ആന്റ് സര്‍വീസസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ സിഇഒ ദീപക് സപ്ര പറഞ്ഞു. ആസ്റ്റര്‍ പോലുള്ള ഒരു ശക്തമായ പങ്കാളിയുടെ വിപണന, വിതരണ ശൃംഖലയുമായി സഹകരിക്കുന്നതോടെ, 2030-ഓടെ 1.5 ബില്യണിലധികം രോഗികളിലേക്ക് സേവനമെത്തിക്കുക ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കുമെന്നും ദീപക് സപ്ര കൂട്ടിച്ചേര്‍ത്തു.
ഗ്യാസ്ട്രോ എന്‍ട്രോളജി, പെയിന്‍ മാനേജ്മെന്റ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ്, ആന്റി ഹിസ്റ്റാമൈനുകള്‍ തുടങ്ങി വിവിധ തെറാപ്പി വിഭാഗങ്ങളിലെ കുറിപ്പടി മരുന്നുകള്‍ വിതരണം ചെയ്യാനാണ് ഈ സംവിധാനം. കരാര്‍ പ്രകാരം, ഡോ. റെഡ്ഡീസ് ആസ്റ്റര്‍ ഫാര്‍മസിയുടെ വിപണന, വിതരണ വിഭാഗമായ ആല്‍ഫ വണ്ണിനായി, തെറാപ്പി മേഖലകളില്‍ മരുന്നുകള്‍ നിര്‍മ്മിക്കുകയും, മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴില്‍ നിലവില്‍ 245 ഫാര്‍മസികളാണ് ജിസിസിയില്‍ പ്രവര്‍ത്തിക്കുന്നത്. ആസ്റ്റര്‍ ഫാര്‍മസി ഇന്ന് പ്രാദേശിക, അന്തര്‍ദേശീയ പ്രശസ്തിയുള്ള 85 ബ്രാന്‍ഡുകള്‍ വിപണനം ചെയ്യുന്നു. എളുപ്പം പ്രാപ്യമാവുന്നതിനാലും, ഉപഭോക്താക്കള്‍ക്ക് എല്ലായിടത്തും ലഭ്യമാവുന്നതിനാലും ഫാര്‍മസികള്‍ക്കിടയില്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡായി മാറാന്‍ ആസ്റ്റര്‍ ഫാര്‍മസിക്ക് സാധിച്ചിരിക്കുന്നു.