അബുദാബി: സ്വയം നിയന്ത്രിത, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വിഭാഗം ഉള്‍പ്പെടെ എല്ലാതരം വാഹനങ്ങളുടെയും അറ്റകുറ്റപ്പണി നടത്താവുന്ന ആര്യാ ഓട്ടോയുടെ നൂതന വര്‍ക്ക്‌ഷോപ്പ് അബുദാബി റഹായെല്‍ ഓട്ടമോട്ടീവ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കണോമിക് സിറ്റീസ് ആന്‍ഡ് ഫ്രീസോണ്‍സ് സിഇഒ അബ്ദുല്ല അല്‍ ഹമേലി ഉദ്ഘാടനം ചെയ്തു. ഖലീഫാ ഇക്കണോമിക് സോണ്‍ അബുദാബിക്ക് (കെസാഡ്) കീഴില്‍ റഹായെലില്‍ തുറന്ന ഏറ്റവും വലിയ ഗാരിജ് ആണിത്. ചടങ്ങില്‍ എംഡി പി.കെ സുഭാഷ് ബോസ്, ആര്യാ ഓട്ടോ ചെയര്‍മാന്‍ പി.കെ അശോകന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ജെ പ്രജിത്ത്, ഫൗണ്ടിങ് പാര്‍ട്ട്ണര്‍ പി.കെ സുരേഷ്, പാര്‍ട്ണര്‍ പി.എ സേതു, ബിസിനസ് ഡിവലപ്‌മെന്റ് മാനേജര്‍ ജോസഫ് കാട്ടിക്കാരന്‍, കെസാഡ് ഗ്രൂപ്പ് സിഒഒ ഫാത്തിമ അല്‍ ഹമ്മാദി, സ്റ്റേക്ക്‌ഹോള്‍ഡര്‍ മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിലെ യൂസഫ് അല്‍ സാബി, റഹായേല്‍ ഓട്ടമോട്ടീവ് ആക്ടിങ് ജനറല്‍ മാനേജര്‍ ഖാലിദ് അല്‍ തെനേജി, കൊമേഴ്‌സ്യല്‍ ആന്‍ഡ് ബിസിനസ് ഡിവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ സാലിം എം മമരി എന്നിവര്‍ പങ്കെടുത്തു.
1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ സജ്ജമാക്കിയ ഗാരിജില്‍ ഒരേസമയം 105 വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താം. 200 ലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. നൂതന സാങ്കേതിക വിദ്യകളുള്ള മെക്കാനിക്കല്‍ വിഭാഗമാണ് ഇവിടുത്തെ പ്രത്യേകത. സമഗ്ര ബോഡിഷോപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക മെയിന്റനന്‍സ് റാംപ്, റിപ്പയര്‍ വിഭാഗങ്ങളുമുണ്ട്. വര്‍ക്ക്‌ഷോപ്പിന് ഫൈവ് സ്റ്റാര്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷനുണ്ട്. പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെ അംഗീകൃത ഗാരിജ് കൂടിയാണിത്.