അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ജനുവരി 31-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ പൈതൃക മേള സംഘടിപ്പിക്കുന്നത്. 2026 ജനുവരി 31-ന് ആരംഭിക്കുന്ന അൽ ഐൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഫെബ്രുവരി 9 വരെ നീണ്ട് നിൽക്കും. അൽ ഐനിലെ ADNEC സെന്ററിൽ വെച്ചാണ് ഈ മേള സംഘടിപ്പിക്കുന്നത്. ‘നമ്മുടെ പൈതൃകത്തിൽ നിന്നുള്ള കഥകൾ’ എന്ന ആശയത്തിലൂന്നിയാണ് ഈ മേള ഒരുക്കുന്നത്.
എമിറാത്തി സംസ്കാരത്തിലും ആഗോള പൈതൃകത്തിലും ഈന്തപ്പനയുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഈന്തപ്പന ഉത്സവം ഉൾപ്പെടെ നിരവധി വിശിഷ്ട പൈതൃക പരിപാടികൾ ഈ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഈന്തപ്പന മാർക്കറ്റ്, എലൈറ്റ് അൽ ഐൻ, ഖലാസ്, ഷിഷി, സാംലി, ബൗമാൻ, ഡബ്ബാസ്, ഫാർദ്, വഹാത്ത് എന്നിവയുൾപ്പെടെ വിവിധ ഇനങ്ങളിലുള്ള ഈന്തപ്പഴങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മത്സരങ്ങൾ തുടങ്ങിയവയും ഈ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുന്നതാണ്.
ഗൾഫ്, അറബ് രാജ്യങ്ങൾക്ക് അവരുടെ പൈതൃകം, പരമ്പരാഗത കലകൾ, പാചകരീതികൾ, കരകൗശല വസ്തുക്കൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകിക്കൊണ്ട്, അറബ് മേഖലയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും, പൈതൃകത്തെയും അൽ ഐൻ പൈതൃക ഉത്സവം ഉയർത്തിക്കാട്ടുന്നു.

