ദുബായിൽ 2 പുതിയ സാലിക് ഗേറ്റുകൾ കൂടി വരുന്നു. ബിസിനസ് ബേയിലും അൽസഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത്. ഈ വർഷം നവംബറോടു കൂടി രണ്ടിടങ്ങളിലും സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിക്കും. ഇതോടെ ദുബായിലെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും.
ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ 273 കോടി ദിർഹമാന് ചെലവ് പ്രതീക്ഷിക്കുന്നത് . റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർ.ടി.എ.) ടോൾ ഗേറ്റ് ഓപ്പറേറ്റാറായ സാലിക് ഈ തുക നൽകും. ദുബായിൽ അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ആർ.ടി.എ.യുടെയും സാലിക്കിന്റെയും പ്രതിബദ്ധതയാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ വ്യക്തമാകുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഗതാഗതത്തിരക്ക് കുറയ്ക്കാനും ഗതാഗത കാര്യക്ഷമത വർധിപ്പിക്കാനും ടോൾ ഗേറ്റുകൾക്ക് സാധിക്കുമെന്നും അൽ തായർ അഭിപ്രായപ്പെട്ടു. ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ പുതിയ ടോൾ ഗേറ്റുകൾ വരുന്നതോടെ വാർഷിക വരുമാനം വർധിക്കുമെന്ന് സാലിക് സി.ഇ.ഒ. ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.
പുതിയ ഗേറ്റുകൾ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ സാലികിന്റെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും. അൽ ബർഷ, അൽ ഗർഹൂദ് പാലം, അൽ മക്തൂം പാലം, അൽ മംസാർ സൗത്ത്, അൽ മംസാർ നോർത്ത്, അൽ സഫ, എയർപോർട്ട് ടണൽ, ജെബൽ അലി എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ ഗേറ്റുകളുണ്ട്. കൂടാതെ ടോൾ ഗേറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പ്രതിവർഷം ഡ്രൈവർമാർക്ക് 10,000 ദിർഹം വരെ പിഴ ലഭിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.