നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് തടഞ്ഞ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ തീരുമാനത്തിനെതിരെ നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹർജിയിൽ വിധി പറയുന്നത് കോടതി ജനുവരി 9-ലേക്ക് മാറ്റിയതാണ് റിലീസ് വൈകാൻ കാരണമായത്.
നേരത്തെ അഞ്ചംഗ പരിശോധനാ സമിതി ‘U/A 16+’ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്തിരുന്നെങ്കിലും, സമിതിയിലെ ഒരു അംഗം തന്റെ എതിർപ്പുകൾ രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു. ഇതോടെ വിഷയം റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് വിട്ടു.
സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെ നിർമ്മാതാക്കൾക്ക് 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. റിലീസിന് മുന്നോടിയായി ലോകമെമ്പാടും റെക്കോർഡ് ടിക്കറ്റ് ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം ഏകദേശം 10.68 കോടി രൂപ അഡ്വാൻസ് ബുക്കിംഗിലൂടെ സമാഹരിച്ചപ്പോൾ, അന്താരാഷ്ട്ര വിപണിയിൽ നിന്ന് 32 കോടി രൂപയുടെ നേട്ടമുണ്ടാക്കി. എന്നാൽ അവസാന നിമിഷം പ്രദർശനം റദ്ദാക്കേണ്ടി വന്നതോടെ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഏകദേശം 50 കോടി രൂപയുടെ കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. റിലീസ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വിവിധ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളും തിയേറ്റർ ഉടമകളും ആരാധകർക്ക് തുക തിരിച്ചുനൽകാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

