മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ സ്ഫടികം വീണ്ടും പുതിയ ദൃശ്യ അനുഭവങ്ങളോടെ തിയറ്ററുകളിൽ എത്തുന്നു. പുതിയ സാങ്കേതിക മികവുകൾ കോർത്തിണക്കി റീ മാസ്റ്ററിങ് ചെയ്ത ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളിൽ എത്തും. ഇതിനു മുന്നോടിയായി സ്ഫടികത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഇന്ന് വൈകിട്ട് എട്ടരയ്ക്ക് മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. 1.45 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ സ്പടികത്തിന്റെ ഒട്ടുമിക്ക രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
1995 ലാണ് ഭദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സ്ഫടികം പുറത്തിറങ്ങിയത്. 150ൽ കൂടുതൽ തിയേറ്ററുകളിൽ സ്ഫടികം പ്രദർശനത്തിന് എത്തും എന്നാണ് വിവരം. 4കെ ഡോൾബി അറ്റ്മോസിൽ സാങ്കേതിക മികവോടെയാണ് ചിത്രം അണിയറയിൽ ഒരുക്കിയിരിക്കുന്നത്. പഴയ ചിത്രത്തിലെ രംഗങ്ങളോടൊപ്പം സാങ്കേതിക മികവു കൂടി കൂട്ടിച്ചേർത്ത പുതിയ രംഗങ്ങളും പുതിയ ചിത്രത്തിൽ ഉണ്ടാകും. ആടുതോമയെയും ചാക്കോ മാഷിനെയും തുളസിയെയും എല്ലാം ഒന്നു കൂടി കാണാനുള്ള ആവേശത്തിലാണ് ആരാധകർ.