സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഏറ്റവും ഒടുവിലായി 674 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിലുള്ളത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറ്റം തുടരുകയാണ്. ഇരുവര്‍ക്കും 663 പോയിന്റ് വീതമാണുള്ളത്. 641 പോയിന്റുമായി തൃശൂരും തൊട്ടുപിന്നില്‍ 633 പോയിന്റുമായി ആതിഥേയരായ കൊല്ലവും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇന്ന് 54 മത്സരങ്ങള്‍ വേദിയിലെത്തും.
ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തവും, നാടകവും മിമിക്രിയുമാണ് ഇന്ന് അരങ്ങിലെത്തുന്ന ജനപ്രിയ ഇനങ്ങള്‍. ഞായറാഴ്ചയായതിനാല്‍ കാഴ്ചക്കാര്‍ കൂടുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഓരോ ദിവസവും ജനപങ്കാളിത്തം കൂടിവരുന്നതും മത്സരം മുറുകുന്നതും സംസ്ഥാന കലോത്സവത്തിന്റെ മാറ്റ് കൂട്ടുകയാണ്.
24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 10,000ലേറെ വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.