ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉർവശി ആവശ്യപ്പെട്ടു. ഞങ്ങൾക്ക് തോന്നിയതുപോലെ കൊടുക്കും, നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന സമീപനം അംഗീകരിക്കാനാകില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യം അന്വേഷിച്ചു പറയട്ടെ എന്നും ഉർവശി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി വിമർശനം ഉന്നയിച്ചത്. കേരള സ്റ്റോറി ഇതുവരെ കണ്ടിട്ടില്ലെന്നും വസ്തുതകൾ അറിയില്ല. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും ഉർവശി പറഞ്ഞു.
ഉര്‍വശിയുടെ വാക്കുകള്‍:
“ഒരു അവാര്‍ഡ് എന്തിന് വേണ്ടി. അത് ഏത് മാനദണ്ഡത്തിലാണ് കൊടുക്കുന്നത്. ജൂറിക്ക് അത് വ്യക്തമാക്കേണ്ട കടമയുണ്ടല്ലോ. അല്ലാതെ ഞങ്ങള്‍ ഞങ്ങള്‍ക്ക് തോന്നിയത് കൊടുക്കും. എല്ലാവരും വന്ന് വാങ്ങിക്കണമെന്ന നിലപാട് ഇങ്ങനെ കാലങ്ങളോളം തുടര്‍ന്ന് പോയാല്‍ അര്‍ഹിക്കുന്ന പലര്‍ക്കും കിട്ടില്ല. എനിക്ക് പിന്നാലെ ഇനിയും പലരും വരും. എന്‍റെ കാര്യത്തില്‍ ചോദിച്ച് ക്ലാരിഫൈ ചെയ്തില്ലെങ്കില്‍ എനിക്ക് പിന്നാലെ വരുന്നവര്‍ക്ക് എന്താണ് വിശ്വാസം. ഉര്‍വശി ചേച്ചിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ കാര്യങ്ങളൊന്ന് ആലോചിച്ച് നോക്കൂന്ന് ഒരിക്കല്‍ റിമ കല്ലിങ്കല്‍ എന്നോട് ചോദിച്ചിരുന്നു. കുട്ടേട്ടന്‍റെ(വിജയരാഘവന്‍റെ) ഷാരൂഖ് ഖാന്‍റെ പെര്‍ഫോമന്‍സും തമ്മില്‍ അവര്‍ കണക്കാക്കിയത് എന്താണ്? എന്ത് മാനദണ്ഡത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടു. ഇതെങ്ങനെ സഹനടനായി? അതെങ്ങനെ മികച്ച നടനായി? തീയെന്ന് പറഞ്ഞാൽ വാ പൊള്ളും എന്ന കാലം മാറണം. നികുതി കെട്ടിവച്ചാണ് ഞങ്ങളൊക്കെ അഭിനയിക്കുന്നത്. അല്ലാതെ ചുമ്മാ വന്ന് അഭിനയിച്ച് പോകുന്നതല്ലല്ലോ. അത് അവര്‍ വ്യക്തമാക്കണം. ആടുജീവിതം എന്ന സിനിമ പരാമര്‍ശിക്കാതെയും പോയി. എന്തുകൊണ്ട് നമ്മുടെ ഭാഷയ്ക്ക് പുരസ്കാരം കിട്ടിയില്ല. മികച്ച നടിക്ക് വേണ്ടി ജയ് ബേബി എന്നൊരു സിനിമ പോയിരുന്നു. അതൊന്നും ജൂറി കണ്ടിട്ട് പോലുമില്ല. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നില്‍ക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ”.