ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രമായി ‘ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്’ (ഫിപ്രസി) സത്യജിത് റായിയുടെ വിഖ്യാത ചിത്രം ‘പഥേർ പാഞ്ചാലി’ തിരഞ്ഞെടുത്തു. 30 അംഗങ്ങൾ രഹസ്യ വോട്ടിങ്ങിൽ പങ്കെടുത്തു. പഥേർ പാഞ്ചാലി’ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രമായി തെരഞ്ഞെടുത്തപ്പോൾ ഫിപ്രസി’ ഇന്ത്യ ചാപ്റ്റർ പട്ടികയിൽ അടൂർ ഗോപാലകൃഷ്ണന്റെ 1981ൽ ഇറങ്ങിയ ‘എലിപ്പത്തായ’വും പട്ടികയിൽ ഇടംപിടിച്ചു. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ 1929ലെ ബംഗാളി നോവലാണ് സത്യജിത് റായ് 1955ൽ സിനിമയാക്കിയത്. റായി ആദ്യമായി സംവിധാനംചെയ്ത ചലച്ചിത്രംകൂടിയായിരുന്നു ഇത്. സുബിർ ബാനർജി, കാനു ബാനർജി, കരുണ ബാനർജി, ഉമ ദാസ്ഗുപ്ത, പിനാകി സെൻഗുപ്ത, ചുനിബാല ദേവി തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
മേഘെ ധാക്ക ടാര (ഋത്വിക് ഘട്ടക് -ബംഗാളി), ഭുവൻ ഷോം (മൃണാൾസെൻ -ഹിന്ദി), ഘടശ്രദ്ധ (ഗിരീഷ് കാസറവള്ളി -കന്നട), ഗരം ഹവ (എം.എസ്. സത്യു -ഹിന്ദി), ചാരുലത (സത്യജിത് റായ് -ബംഗാളി), ആങ്കൂർ (ശ്യാം ബെനഗൽ -ഹിന്ദി), പ്യാസ (ഗുരുദത്ത് -ഹിന്ദി), ഷോലെ (രമേശ് സിപ്പി -ഹിന്ദി) എന്നിവയാണ് പട്ടികയിലെ മറ്റു ചിത്രങ്ങൾ.