ജാതീയതക്കെതിരെ ഉറക്കെ പറഞ്ഞ് സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്ത ‘ഭാരത സര്‍ക്കസ്’ ഇന്ത്യയിലും യുഎഇയിലും വെള്ളിയാഴ്ച റിലീസ് ചെയ്തു. ഇന്ത്യയിലും പ്രബുദ്ധമെന്ന് നാം കരുതുന്ന കേരളത്തിലും ഇന്നും ജാതീയത നിലനില്‍ക്കുന്നുണ്ട്. ചില കാര്യങ്ങള്‍ പറയുമ്പോള്‍ അത് ജാതിയിലേക്കെത്തിയാല്‍ ഒന്ന് ഒതുക്കി, വളച്ചു കെട്ടിപ്പറയുന്ന രീതി ചിലര്‍ സ്വീകരിച്ചു കണ്ടിട്ടുണ്ടെന്നും പലരുടെയും മനസ്സിലുള്ള ജാതീയത ഒരവസരം വന്നാല്‍ തല പൊക്കുമെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംവിധായകൻ സോഹന്‍ സീനു ലാല്‍ പറഞ്ഞു. സിനിമ നിർമ്മിക്കുമ്പോൾ തന്നെ പലവിധത്തിലുമുള്ള ആശങ്ക മനസ്സിലുണ്ടായിരുന്നു. പ്രശ്‌നമുണ്ടാക്കുമെന്ന് തോന്നുന്ന ഭാഗങ്ങള്‍ ഒഴിവാക്കി സെന്‍സറിന് കൊടുത്തുകൂടേയെന്ന് ചിലര്‍ ചോദിച്ചു. സെന്‍സര്‍ കടന്നുകിട്ടുമോ എന്ന ആശങ്ക തങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. സമൂഹം എന്തു വിചാരിക്കുമെന്ന് നോക്കിയില്ലെന്നും പറയാനുള്ളത് ഉച്ചത്തില്‍ പറഞ്ഞെന്നും സോഹന്‍ കൂട്ടിച്ചേര്‍ത്തു.
ജാതി വെറിയുള്ളവരെ തുറന്നു കാട്ടിയ സിനിമയാണിതെന്ന് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഷൈന്‍ ടോം ചാക്കോ പറഞ്ഞു. കൊറോണ രൂക്ഷമായപ്പോഴും പ്രളയ കാലത്തും ഈ ജാതി വെറി കണ്ടില്ല എന്നാൽ പ്രളയ ജലം താഴ്ന്നപ്പോഴേക്കും അത് വീണ്ടും തല പൊക്കിയെന്നും ഷൈന്‍ടോം പറഞ്ഞു. പേരിന്റെയറ്റത്തു നിന്നു ജാതി വാല്‍ എടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളില്‍ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാന്‍ പറ്റാത്തവരാണ് നമുക്കു ചുറ്റുമുള്ളത്. ഒരു സിനിമ കണ്ടതിനു ശേഷം അതിന്മേല്‍ ചര്‍ച്ചകളുണ്ടാകുന്നുവെന്നത് തന്നെ വലിയ നേട്ടമാണ്. അതില്‍ എന്തോ കാര്യമായി ഉണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത് എന്നും ഷൈൻ കൂട്ടിച്ചേർത്തു.
ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയാണ് ഭാരത് സര്‍ക്കസെന്നും അതിന് ലഭിക്കുന്ന പോസിറ്റീവ് കമന്റ്‌സ് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രവാസി വ്യവസായി കൂടിയായ നിര്‍മാതാവ് അനൂജ് ഷാജി പറഞ്ഞു. ജാതി വിഭാഗീയതെ കുറിച്ച് ഇത്ര ശക്തമായി പറയുന്ന ചിത്രം ഇതിനു മുന്‍പ് മലയാളത്തിലുണ്ടായിട്ടില്ല, ഒരു സിസ്റ്റത്തിലെ പുഴുക്കുത്തുകളെ പുറത്തു കൊണ്ടുവരികയാണ് ചെയ്തത്. അതിന് ധൈര്യം കാണിച്ച സംവിധായകനെയും നിര്‍മ്മാതാവിനെയും അഭിനന്ദിക്കുന്നതായി എം.എ നിഷാദ് പറഞ്ഞു. ചിത്രത്തിൽ ജയചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്റെ വേഷമാണ് എം.എ നിഷാദ് ചെയ്തിരിക്കുന്നത്. ജാതി രാഷ്ട്രീയത്തിനൊപ്പം നിയമസംവിധാനങ്ങള്‍, അധികാരശ്രേണി എന്നിവയിലെ ശരികേടുകളും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഭാരത് സര്‍ക്കസെന്ന് മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ബിനു പപ്പു പറഞ്ഞു.
ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംവിധായകൻ സോഹൻ സീനുലാൽ, ഷൈൻ ടോം ചാക്കോ, എം എ നിഷാദ്, ബിനു പപ്പു, മേഘ തോമസ്, അനു നായർ, നിർമാതാവ് അനൂജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.