ബിഗ് ബോസ് ഹിന്ദി സീസൺ 17 വിജയിയും സ്റ്റാൻഡ്അപ്പ് കോമേഡിയനുമായ മുനാവർ ഫാറൂഖിയ്ക്കെതിരെ കേസ്. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ ഹുക്ക ബാറിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്‌ട്‌സ് ആക്‌ട് 2003, COTPA 2003 പ്രകാരമാണ് ഫാറൂഖിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഹുക്ക ബാറിൽ നടത്തിയ റെയ്ഡിൽ മറ്റ് 13 പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാ തടവുകാർക്കെതിരെയും പ്രസ്തുത നിയമപ്രകാരം കേസെടുത്തു.
ഹുക്ക പാർലറിൽ പുകയില ഉൽപന്നങ്ങൾക്കൊപ്പം നിക്കോട്ടിൻ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ ഫാറൂഖി ഹുക്ക ബാറിൽ ഉണ്ടായിരുന്നു. പിന്നീട്, വൈദ്യപരിശോധനയിൽ പോസിറ്റീവായതിനെ തുടർന്നാണ് അദ്ദേഹത്തിന് പിഴ ചുമത്തുന്നത്. തുടർന്ന് ഇയാളെ പോകാൻ അനുവദിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 4,400 രൂപയും 13,500 രൂപ വിലവരുന്ന ഒമ്പത് ഹുക്ക പാത്രങ്ങളും പോലീസ് റെയ്ഡിൽ പിടിച്ചെടുത്തു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയായിരുന്നു.