മുംബൈ: ‘കാന്ത ലഗ’ എന്ന മ്യൂസിക് വീഡിയോയിലെ അഭിനയത്തിലൂടെയും ബിഗ് ബോസ് 13 ലൂടെയും പ്രശസ്തയായ നടി ഷെഫാലി ജരിവാല അന്തരിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയാണ് അവർക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. 42 വയസായിരുന്നു.
ഭർത്താവും നടനുമായ പരാഗ് ത്യാഗി അവരെ ഉടൻ ആശുപത്രിയിലെത്തിച്ചു, അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന്, പുലർച്ചെ 12:30 ഓടെ പോസ്റ്റ്‌മോർട്ടത്തിനായി അവരുടെ മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂപ്പർ ആശുപത്രിയിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ (എഎംഒ) പറയുന്നതനുസരിച്ച്, മൃതദേഹം മറ്റൊരു ആശുപത്രിയിൽ നിന്നാണ് കൊണ്ടുവന്നതെന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയൂ.
അതേസമയം, മുംബൈ പോലീസ് രാത്രി വൈകി അന്ധേരിയിലെ ഷെഫാലിയുടെ വസതിയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി വീട്ടിൽ സമഗ്രമായ പരിശോധന നടത്തി. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും, പോലീസിന്റെയും ഫോറൻസിക് സംഘങ്ങളുടെയും സാന്നിധ്യം കേസ് സംശയാസ്പദമായി കണക്കാക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.
2002 ൽ ‘കാന്ത ലഗ’ എന്ന മ്യൂസിക് വീഡിയോയിലൂടെ ഷെഫാലി ജരിവാല പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നീട് സൽമാൻ ഖാൻ്റെ മുജ്‌സെ ഷാദി കരോഗി എന്ന ചിത്രത്തിലും 2019 ലെ വെബ് സീരീസായ ബേബി കം നായിലും അഭിനയിച്ചു. ബൂഗി വൂഗി , നാച്ച് ബാലിയേ തുടങ്ങിയ ജനപ്രിയ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു.