പ്രശസ്ത നാടോടി ഗായികയും മദ്യവിരുദ്ധ പ്രവർത്തകയുമായ പത്മശ്രീ അവാർഡ് ജേതാവ് സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെ വീട്ടിലായിരുന്നു അന്ത്യം. ദിവസങ്ങളായി അസുഖബാധിതയായിരുന്ന അവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഹലാക്കി നാടൻ പാട്ടുകൾ ആലപിക്കുന്നതിലൂടെ പ്രശസ്തയായ സുക്രി തന്റെ ഗ്രാമത്തിൽ വ്യാപകമായ മദ്യവിൽപ്പനക്കെതിരെ പൊതു പ്രസ്ഥാനത്തിന് നേതൃത്വവും നൽകിയിരുന്നു. ഉത്തര കന്നട ജില്ലയിൽ അങ്കോള താലൂക്കിലെ ബഡ്ജേരി നിവാസിയായ സുക്രി ബൊമ്മഗൗഡ ‘സുക്രജ്ജി’ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006-ൽ നദോജ അവാർഡ്, 2017-ൽ പത്മശ്രീ, ജനപദ ശ്രീ തുടങ്ങിയ ബഹുമതികൾ നൽകി അവരെ ആദരിച്ചു.
ത്തര കന്നട ജില്ല ചുമതലയുള്ള മന്ത്രി മങ്കൽ വൈദ്യ, എം.പി വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സുക്രി ബൊമ്മഗൗഡയുടെ വിയോഗത്തിൽ അനുശോചിച്ചു.