ഇന്ന് തൈപൊങ്കൽ. പൊങ്കലിനോട് അനുബന്ധിച്ച് നാടും നഗരവും ഉത്സവ തിമിർപ്പിലാണ്. എങ്ങും ആഘോഷവും ആരവങ്ങളും. പൊങ്കലിന്റെ പ്രധാന ദിവസമാണ് ഇന്ന്. വീടിനുമുന്നിൽ പല നിറങ്ങളിലുള്ള കോലങ്ങൾ വരച്ച് പുറത്ത് അടുപ്പ് കൂട്ടി പൊങ്കാല അർപ്പിക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്. നാല് ദിവസം നീണ്ടുനിൽക്കുന്ന പൊങ്കൽ ഈ വർഷം ജനുവരി 15 മുതൽ 18 വരെയാണ് ആഘോഷിക്കുക.
ദക്ഷിണേന്ത്യയിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന കൊയ്ത്തുത്സവമാണ് പൊങ്കൽ. മലയാളികളുടെ ഓണം പോലെ തന്നെ പ്രധാനമാണ് ദക്ഷിണേന്ത്യക്കാർക്ക് പൊങ്കലും. തമിഴ് മാസമായ മാർഗഴിയുടെ അവസാന നാളിൽ തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നതാണ് പൊങ്കൽ. സൂര്യഭഗവാനെ പ്രീതിപ്പെടുത്താൻ ആണ് പൊങ്കൽ ആഘോഷിക്കുന്നത്. ബോഗി, തൈപ്പൊങ്കൽ, മാട്ടുപൊങ്കൽ കാണും പൊങ്കൽ ഇങ്ങനെ നാല് ദിവസത്തെ ആചാരങ്ങളാണ് പൊങ്കലിനുള്ളത്.
ഇന്നലെ ബോഗിയായിരുന്നു. വീട്ടിലുള്ള പഴയ വസ്തുക്കളെല്ലാം മാറ്റി വീടും പരിസരവും വൃത്തിയാക്കുന്ന ദിവസം. ഇന്ന് തൈപൊങ്കൽ. മൺ കലത്തിൽ അരിയിട്ട് പാലിൽ വേവിക്കും. അരി, കരിമ്പ്, പഴം,നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുന്നതാണ് ഇന്നത്തെ ചടങ്ങ്. നാളെയാണ് മാട്ടുപൊങ്കൽ. കർഷകരുടെ ആഘോഷമാണ് മാട്ടുപൊങ്കൽ. കൃഷിയിൽ തങ്ങളെ സഹായിക്കുന്ന കന്നുകാലികൾക്ക് വേണ്ടിയാണ് മാട്ടുപൊങ്കൽ ആഘോഷങ്ങൾ നടത്തുന്നത്. ശിവനും അദ്ദേഹത്തിന്റെ വാഹനമായ നന്ദിയുമായി ബന്ധപ്പെട്ടതാണ് മാട്ടുപൊങ്കൽ. അടുത്ത ദിവസത്തേതു കാണും പൊങ്കലാണ്. ഒത്തുകൂടലിന്റെതായ ഈ ദിവസം പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന പതിവുണ്ട്.