ഓണാട്ടുകരയുടെ നാണ്യവിള എന്ന് വിശേഷിപ്പിക്കുന്ന എള്ള് ഭൗമസൂചിക പട്ടികയിൽ ഇടംപിടിച്ചതോടെ പുത്തൻ പ്രതീക്ഷകളുമായി കാർഷികരംഗം. പുതിയ പദവി ലഭിച്ചതോടെ ഓണാട്ടുകരയുടെ പാടങ്ങളിൽ നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്ന കൃഷി തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് കർഷകരും നാട്ടുകാരും. ബൗദ്ധിക സ്വത്തവകാശ സെൽ ആണ് ഭൗമസൂചികപദവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഓണാട്ടുകരയുടെ പശിമയാർന്ന പാടശേഖരങ്ങളിൽ മൂന്നാം വിളയായിട്ടാണ് എള്ള് കൃഷി ചെയ്തിരുന്നത്. സമീപകാലത്ത് കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങൾ കൃഷിയെ സാരമായിബാധിച്ചിരുന്നു.
ഓണാട്ടുകരയുടെ എള്ളും എള്ളെണ്ണയും ഗുണമേന്മയ്ക്ക് എന്നും പ്രസിദ്ധി ആർജ്ജിച്ചതാണ്. ഇവിടുത്തെ ഔഷധഗുണം കൂടുതലാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ കായംകുളം ഒന്ന്, തിലക്, തിലതാര, തിലറാണി എന്നീ എള്ളിനങ്ങളാണ് കൂടുതലായും ഇവിടെ കൃഷി ചെയ്യുന്നത്. നിലവിൽ 450 ഹെക്ടർ സ്ഥലത്താണ് എള്ളു കൃഷി നടത്തുന്നത്. മുൻകാലങ്ങളിൽ ഇത് ആയിരം ഹെക്ടർ വരെ ആയിരുന്നു. എള്ളു കൃഷിക്ക് വേണ്ടരീതിയിലുള്ള പരിപാലനം നൽകുന്നതിനോ പരിരക്ഷ നൽകുന്നതിനോ വേണ്ടിയുള്ള പദ്ധതികൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. ഭൗമസൂചികാ പദവി ലഭിച്ചതോടെ ഇതിനൊരു മാറ്റം വരുമെന്നും എള്ള് കൃഷി ആഗോളതലത്തിൽ ശ്രദ്ധ നേടുമെന്നും കർഷകർക്ക് പ്രതീക്ഷയുണ്ട്.