തിരുനാവായ മഹാമാഘ ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നോർത്തേൺ റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. വാരണാസി, യോഗ് നാഗരി ഹൃഷികേശ് എന്നിവിടങ്ങളിൽ നിന്നാണ് എറണാകുളം വരെ സർവീസുകൾ നടത്തുന്നത്. വാരണാസി – എറണാകുളം സ്‌പെഷൽ ട്രെയിൻ (04358) ജനുവരി 30-ന് വൈകിട്ട് 4:30-ന് വാരണാസിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10 മണിക്ക് എറണാകുളം ജങ്ഷനിൽ എത്തും. ഫെബ്രുവരി 3-ന് രാത്രി 8 മണിക്കാണ് ഈ ട്രെയിൻ തിരികെ യാത്ര തിരിക്കുക.
ഹൃഷികേശിൽ നിന്നുള്ള രണ്ടാമത്തെ സ്‌പെഷ്യൽ ട്രെയിൻ ജനുവരി 30-ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ഫെബ്രുവരി ഒന്നിന് രാത്രി 11:30-ന് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, കുറ്റിപ്പുറം, ഷൊർണൂർ വഴി കടന്നുപോകുന്ന ഈ ട്രെയിൻ ഫെബ്രുവരി 3-ന് രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് മടക്കയാത്ര ആരംഭിക്കും. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഉത്സവത്തിനെത്തുന്ന ഭക്തർക്കായി കുറ്റിപ്പുറം സ്റ്റേഷനിൽ വിവിധ ട്രെയിനുകൾക്ക് റെയിൽവേ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം – മംഗലാപുരം അന്ത്യോദയ എക്‌സ്‌പ്രസ് (16355), തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ് (12081), മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12685) എന്നിവ ഈ ദിവസങ്ങളിൽ കുറ്റിപ്പുറത്ത് നിർത്തുന്നതാണ്. തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനുമാണ് റെയിൽവേയുടെ ഈ അടിയന്തര നടപടി.

