കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ ശശി തരൂർ എംപി ഇടതുപാളയത്തിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. നിലവിൽ ദുബായിലുള്ള തരൂർ, ഇടതുപക്ഷവുമായി അടുത്ത ബന്ധമുള്ള ഒരു പ്രമുഖ വ്യവസായി മുഖേന നിർണ്ണായക ചർച്ചകൾ നടത്തുമെന്നാണ് സൂചന. കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തരൂർ അവഗണിക്കപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഈ പുതിയ രാഷ്ട്രീയ നീക്കങ്ങൾ സജീവമായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിൽ വിളിച്ചുചേർത്ത കേരളത്തിലെ മുതിർന്ന നേതാക്കളുടെ യോഗത്തിൽ തരൂർ പങ്കെടുക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. എന്നാൽ, കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (KLF) പങ്കെടുക്കേണ്ടതിനാലാണ് താൻ യോഗത്തിന് വരാതിരുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരണം. തനിക്ക് പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മഹാപഞ്ചായത്തിൽ തരൂരിനെ അവഗണിച്ചിട്ടില്ലെന്നും ലിസ്റ്റിൽ പേര് ഇല്ലാത്തതിനാലാണ് പരാമർശിക്കാതിരുന്നതെന്നും രാഹുൽ ഗാന്ധി പിന്നീട് വിശദീകരിച്ചെങ്കിലും അതൃപ്തി പുകയുന്നതായാണ് സൂചന.
അടുത്തിടെയുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ ശശി തരൂരിനെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കൂടുതൽ അകറ്റിയതായാണ് വിലയിരുത്തപ്പെടുന്നത്. പറവൂരിൽ വി.ഡി സതീശനെ നേരിടാൻ സിപിഐ കരുത്തരെ ഒരുക്കുമ്പോൾ, തരൂരിനെ പോലുള്ള ഒരു പ്രമുഖനെ ഒപ്പം നിർത്തിയാൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് വലിയ ഗുണം ചെയ്യുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിൽ ദുബായിൽ നടക്കുന്ന ചർച്ചകളുടെ ഫലം കേരള രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായേക്കാം.

