തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഇതെല്ലാം ചര്‍ച്ചയാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം നോട്ടീസ് നല്‍കാതെ ബഹളം വെച്ചതെന്നും കെകെ ശൈലജ പറഞ്ഞു. പ്രതിപക്ഷം എന്തിനാണ് സഭ സ്തംഭിപ്പിച്ചതെന്ന് കെ കെ ശൈലജ ചോദിച്ചു. ‘യഥാർത്ഥത്തില്‍ പത്ത് പതിനേഴ് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചയ്ക്ക് അനുമതി കൊടുത്തിട്ടുള്ള ഗവണ്‍മെന്റാണ് ഇത്. ഞങ്ങള്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ല. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ അതിന് എന്താണ് പരിഹാരം എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്ന, തികച്ചും ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റ് ആണിത്. ഇന്ന് ഒരു അടിയന്തരപ്രമേയം കൊണ്ടുവരാമായിരുന്നല്ലോ. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് കേരള നിയമസഭയ്ക്കകത്ത് ചര്‍ച്ച ചെയ്യാമായിരുന്നല്ലോ. അടിയന്തരപ്രമേയം കൊണ്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് അനുവദിക്കുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് അവര്‍ പിന്‍വാങ്ങി’- ശൈലജ പറഞ്ഞു.

