ദുബായ്: പ്രമുഖ പെർഫ്യൂം ബ്രാൻഡ് ആയ ‘ഫ്രാഗ്രൻസ് വേൾഡ്’ നൂറ്റമ്പത് രാജ്യങ്ങളിൽ എത്തിയതിന്‍റെ ആഘോഷ പരിപാടികൾക്ക് ദുബായിൽ തുടക്കമായി. മലയാളിയായ പോളണ്ട് മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ‘ഫ്രാഗ്രൻസ് വേൾഡ്’. ആഘോഷ ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാഥിതി ആയി. ദുബായ് എക്സ്പോ സിറ്റി ജൂബിലി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങ് ഏറെ സമയം നീണ്ടുനിൽക്കുന്ന ഡ്രോൺ ഷോയോടെ ആണ് തുടക്കം ആയത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ വിതരണക്കാരും സ്ഥാപനത്തിലെ തൊഴിലാളികളും ദുബായിലെ ബിസിനസ് പ്രമുഖരും അടക്കം രണ്ടായിരത്തിലധികം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു. ഡ്രോൺ ഷോയിൽ ചെയർമാനും സ്ഥാപകനുമായ പോളണ്ട് മൂസയുടെ ഡിജിറ്റൽ സിഗ്നേച്ചർ പതിപ്പിച്ച് ആഘോഷങ്ങളുടെ ലോഗോ അനാവരണം ചെയ്തു. സി.ഇ.ഒ പി.വി സലാം, ജോയിന്റ് സി.ഇ.ഒ പി.വി സഫീൻ, ലബീബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പോളണ്ട് മൂസയുടെ ജീവിത കഥയറിഞ്ഞപ്പോള്‍ അതൊരു സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആഘോഷചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിത കഥ അദ്ദേഹം തന്നെ സിനിമയാക്കി, ഇതോടെ തന്‍റെ അവസരം നഷ്ടമായെന്നും മമ്മൂട്ടി അദ്ദേഹത്തിന്‍റെ സുഗന്ധ്യദ്രവ്യത്തേക്കാള്‍ പോളണ്ട് മൂസയെന്ന വ്യക്തിയുടെ സുഗന്ധമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പോളണ്ട് മൂസയുടെ ജീവിത കഥ ആസ്പദമാക്കി തയ്യാറാക്കിയ ‘കുഞ്ഞോൻ’ എന്ന ഡോക്യൂ ഫിക്ഷൻ സിനിമയുടെ ആദ്യ പ്രദർശനവും മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ ദുബായ് എക്സ്പോ സിറ്റിയിൽ നടത്തി. സെബിന്‍ പൗലോസ് രചിച്ച ഫ്രാഗ്രന്‍സ് ഓഫ് ലെഗസി എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടന്നു.

