ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം അതീവ രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ 3,500 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് വ്യാപകമായ അക്രമവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. സംഭവവികാസങ്ങളിൽ പ്രതികരണവുമായി ചൈനയും ന്യൂസിലാൻഡും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കുന്നതിനെ ചൈന എതിർക്കുന്നുവെന്നും പ്രശ്നപരിഹാരത്തിനായി സജീവമായ പങ്ക് വഹിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ സൈനിക മുന്നറിയിപ്പുകൾക്കിടെയാണ് ചൈനയുടെ പ്രതികരണം.
അതേസമയം, ഇറാനിയൻ സുരക്ഷാ സേനയുടെ നടപടികളെ ശക്തമായി അപലപിച്ച് ന്യൂസിലാൻഡും രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായ സ്വാതന്ത്ര്യവും വിവരാവകാശവും ഉപയോഗിക്കാനും ഇറാനികൾക്കുള്ള അവകാശങ്ങൾ ക്രൂരമായി അടിച്ചമർത്തപ്പെടുകയാണെന്ന് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് പറഞ്ഞു. ഇറാനിലുള്ള ന്യൂസിലാൻഡ് പൗരന്മാരോട് രാജ്യം വിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, ഇറാനിയൻ വ്യോമാതിർത്തി താൽക്കാലികമായി അടച്ച ശേഷം വീണ്ടും തുറന്നു. ഇതുമൂലം നിരവധി വാണിജ്യ വിമാനങ്ങൾ റൂട്ടുകൾ മാറ്റേണ്ടി വന്നു. ടെഹ്‌റാനിലെ ആശുപത്രികൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, റോഡുകളിൽ കിടക്കുന്ന മൃതദേഹങ്ങൾ നീക്കം ചെയ്യാൻ ബുൾഡോസറുകൾ വരെ ഉപയോഗിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
പ്രക്ഷോഭം അടിച്ചമർത്താൻ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത വിലക്കയറ്റവും ഇന്റർനെറ്റ് വിച്ഛേദവും രാജ്യത്ത് ജനജീവിതം സ്തംഭിപ്പിച്ചിട്ടുണ്ട്.
ഇറാനിൽ ഏകദേശം 3,000 ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് വിവരം. സുരക്ഷാ സാഹചര്യം മോശമായതിനെ തുടർന്ന് എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇന്റർനെറ്റ് തടസ്സവും ഉയർന്ന വിമാന നിരക്കുകളും വിദ്യാർഥികൾക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.

