ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2026 മെയ് 10-ന് സമാപിക്കും. ഗ്ലോബൽ വില്ലേജ് ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത്തവണത്തെ സീസൺ സമാപന തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ 2025 ഒക്ടോബർ 15-നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
‘കൂടുതൽ അത്ഭുതകരമായ ഒരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഗ്ലോബൽ വില്ലേജ് സംഘടിപ്പിക്കുന്നത്. സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ 90-ൽ പരം ആഗോള സംസ്കാരങ്ങളെ അവതരിപ്പിക്കുന്ന മുപ്പത് പവലിയനുകളുണ്ട്. 3500-ൽ പരം വില്പനശാലകൾ, 250-ലധികം ഭക്ഷണശാലകൾ, 40500-ൽ പരം കലാപരിപാടികൾ, 200-ലധികം റൈഡുകൾ തുടങ്ങിയവ ഇത്തവണത്തെ ഗ്ലോബൽ വില്ലേജിന്റെ പ്രത്യേകതകളാണ്.

