മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. ഇന്നലെ അർധരാത്രിയോടെയാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പഴുതടച്ച നീക്കത്തിലൂടെ രാഹുൽ മാങ്കൂട്ടത്തലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എസ്‌പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുലിനെതിരായ പരാതി അന്വേഷിക്കുന്നത്.
ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും, സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് പരാതി.
ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലായിരുന്നു യുവതി പരാതി നൽകിയത്. എന്നാൽ, പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതോടെ 15 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി രാഹുൽ പാലക്കാട് എത്തിയിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവധിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ടു ചെയ്യാനെത്തിയത്.
ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണുണ്ടായത്. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് അധിഷേപിച്ചു. അതിൽ മനം നൊന്താണ് ഡിഎൻഎ പരിശോധനക്കായി പോയത് എന്നുൾപ്പെടെ യുവതി മൊഴി നൽകിയിട്ടുണ്ട്. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.

