ചങ്ങനാശ്ശേരി: മന്നത്ത് പത്മനാഭൻ എല്ലാവർക്കും പ്രചോദനമായ വ്യക്തിയാണെന്നും അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായാണ് താൻ എത്തിയതെന്നും മന്നം ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത് രാഷ്ട്രീയം മനസ്സിൽ വെച്ചല്ലെന്നും മന്നത്ത് പത്മനാഭൻ എല്ലാ മലയാളികൾക്കും വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ തന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹത്തെ കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് റിപ്പോർട്ടിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദിച്ചപ്പോൾ, വരും ദിവസങ്ങളിൽ ഇലക്ഷൻ ചർച്ചകളിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കാമെന്നും ഇന്ന് അതിന് താല്പര്യമില്ലെന്നും അദ്ദേഹം മറുപടി നൽകി.
കോൺഗ്രസും എൽ.ഡി.എഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. 2004 മുതൽ തനിക്ക് ഇവരെ അറിയാമെന്നും ഡൽഹിയിൽ യു.ഡി.എഫ് ഭരിച്ചപ്പോൾ എൽ.ഡി.എഫ് പിന്തുണച്ചിരുന്നുവെന്നും ആ കാലയളവിൽ വലിയ അഴിമതികൾ നടന്നതായും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ഇവർക്ക് പകരം പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

