കോട്ടയം: എൻഎസ്എസിന് ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. എന്‍എസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് ശബരിമല വിഷയത്തിൽ മാത്രമാണ്. ബാക്കി എല്ലാ വിഷയങ്ങളിലും സമദൂരം നിലപാട് തുടരും. ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും ഇനി അതിനെ കുറിച്ച് സംസാരിക്കാനില്ലെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയമില്ലാത്തതിനാൽ രാഷ്ട്രീയത്തോട് വെറുപ്പില്ലെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്‌എസിന്റെ സമദൂരം നിലപാട് തുടരുമെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
മന്നം ജയന്തി ആഘോഷങ്ങൾ എൻഎസ്എസ് ആസ്ഥാനത്ത് തുടരുകയാണ്. പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണു 149–ാമത് ജയന്തി ആഘോഷങ്ങൾക്കു തിരി തെളിഞ്ഞത്. മന്നം ജയന്തി ദിനമായ ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാനും സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും സംസ്ഥാനത്തെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള സമുദായാംഗങ്ങളും എത്തിച്ചേർന്നു.

