ഒത്തുചേരലുകൾക്കും ആഘോഷ പരിപാടികൾക്കും സാക്ഷ്യം വഹിച്ച് രാജ്യം പുതുവത്സരത്തെ വരവേറ്റു. നഗരങ്ങൾ ഉൾപ്പെട ജനങ്ങൾ പ്രധാന സ്ഥലങ്ങളിൽ ഒത്തുകൂടി, ആകാശം വെടിക്കെട്ടുകളാൽ പ്രകാശപൂരിതമായി. തലസ്ഥാന നഗരമായ ഡൽഹിയിൽ സുരക്ഷ ഉറപ്പാക്കാൻ ഡൽഹി ട്രാഫിക് പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രത്യേകിച്ച് കൊണാട്ട് പ്ലേസ് പോലുള്ള തിരക്കേറിയ പ്രദേശങ്ങളിൽ ആഘോഷങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 680-ലധികം പോലീസുകാരെ വിന്യസിച്ചു.
ജമ്മു കശ്മീരിൽ ശ്രീനഗറിലെ ലാൽ ചൗക്കിലേക്ക് പുതുവർഷം ആഘോഷിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തി. ചരിത്രപ്രസിദ്ധമായ ഘണ്ടാ ഘറും ചുറ്റുമുള്ള തെരുവുകളും ദീപാലംകൃതമായി. ഉയർന്ന സുരക്ഷാ സംവിധാനം പ്രദേശവാസികൾക്കും സന്ദർശകർക്കും സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കി. ഇന്ത്യാ ഗേറ്റ്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ആഘോഷപൂർവ്വം ആളുകൾ ഒത്തുകൂടി. ഉത്തർപ്രദേശിലെ വാരാണസി കൂടുതൽ ആത്മീയ ആഘോഷത്തിന് സാക്ഷ്യം വഹിച്ചു. ദശാശ്വമേധ ഘട്ടിലെ ഗംഗാ ആരതിക്കിടെ, 1,001 വിളക്കുകൾ കൊണ്ട് ‘സ്വാഗതം 2026’ അലങ്കരിച്ചു. ഉത്തരാഖണ്ഡിലെ മസ്സൂറിയും ഹിമാചൽ പ്രദേശിലെ മണാലിയും പുതുവത്സരം ആഘോഷിക്കാൻ വിനോദസഞ്ചാരികളുടെ ഗണ്യമായ ഒഴുക്കായിരുന്നു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളും ഗംഭീര പരിപാടികളോടെ പുതുവത്സരത്തെ വരവേറ്റു. ന്യൂസിലൻഡിൽ, സ്കൈ ടവറിന് മുകളിൽ അതിശയിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനത്തോടെ ഓക്ക്‌ലൻഡ് മുന്നിലെത്തി. 2026 ആദ്യം പിറന്നത് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെ കിരിബാത്തിയിൽ ആണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങൾ അർദ്ധരാത്രിക്കായി കാത്തിരിക്കുമ്പോൾ, കൗണ്ട്‌ഡൗണുകൾ, വെടിക്കെട്ടുകൾ, മറ്റിടങ്ങളിലെ ആഘോഷങ്ങൾ എന്നിവ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ കിരിബാത്തിയിൽ നിശബ്ദമായി പുതുവത്സരം ആരംഭിച്ചു. കിരിബാത്തിക്ക് ശേഷം പസഫിക്കിലുടനീളം പടിഞ്ഞാറോട്ടുള്ള രാജ്യങ്ങളിൽ പുതുവത്സര തരംഗം എത്തിതുടങ്ങി. ന്യൂസിലൻഡാണ് 2026 നെ സ്വാഗതം ചെയ്ത അടുത്ത രാജ്യം. ഇന്ത്യൻ സമയം 4.30നാണ് ന്യൂസിലൻഡിൽ പുതുവർഷം എത്തിയത്. കിരിബാത്തിയിൽ പുതുവർഷമെത്തി ഏകദേശം 90 മിനിറ്റിനുശേഷമാണ് ഓക്ക്‌ലൻഡ്, വെല്ലിംഗ്ടൺ തുടങ്ങിയ നഗരങ്ങൾ പുതുവത്സരത്തെ സ്വാഗതം ചെയ്തത്. അവിടെ നിന്ന്, ആഘോഷങ്ങൾ ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഒടുവിൽ അമേരിക്കകൾ എന്നിവിടങ്ങളിലേക്ക് നീങ്ങുന്നു.ഓസ്‌ട്രേലിയയിൽ കിഴക്കൻ തീരത്തുള്ള സിഡ്‌നിയിലാണു പുതുവർഷം ആദ്യമെത്തുക.പിന്നാലെ ജപ്പാനിലും സൗത്ത് കൊറിയയിലും പുതവർഷമെത്തും. അമേരിക്കൻ സമോവയിലായിരിക്കും ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക.

