എം.എൽ.എ ഹോസ്റ്റലിൽ മുറിയുണ്ടായിരിക്കെ ശാസ്തമംഗലത്ത് എന്തിനാണ് ഓഫീസ് എന്ന ശബരിനാഥന്റെ ചോദ്യത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി വി.കെ. പ്രശാന്ത് എം.എൽ.എ. ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത് ശബരിനാഥന്റെ സൗകര്യത്തിനല്ലെന്നും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ സൗകര്യത്തിനാണെന്നും എം.എൽ.എ വ്യക്തമാക്കി. ബി.ജെ.പിയുടെ അജണ്ടകൾക്ക് മുൻ എം.എൽ.എ കൂടിയായ ശബരിനാഥൻ കൂട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ എം.എൽ.എമാർക്കുമുള്ളതുപോലെ തനിക്കും ഹോസ്റ്റലിൽ മുറിയുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഒരു തടസ്സവുമില്ലാതെ ഏതു സമയത്തും കടന്നുവരാൻ കഴിയുന്ന ഇടം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് തിരഞ്ഞെടുത്തതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
“എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യത്തിനാണ് അവിടെ ഓഫീസ് തുടങ്ങിയത്. കഴിഞ്ഞ ഏഴ് വർഷമായി ഇത് സുഗമമായി പ്രവർത്തിക്കുന്നു. നൂറുകണക്കിന് സാധാരണക്കാരാണ് ദിവസവും അവിടെ വരുന്നത്.” ബി.ജെ.പി ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് എം.എ.എയെ മാറ്റണമെന്ന ചർച്ച ഉയരുന്നത്. ഇത്തരം വർഗീയ തിട്ടൂരങ്ങൾക്ക് മുന്നിൽ ശിരസ്സ് കുനിച്ചാൽ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് ശബരിനാഥൻ ആലോചിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മാർച്ച് 31 വരെയുള്ള വാടക തുക മുൻകൂട്ടി അടച്ചിട്ടുണ്ട്. നിലവിലെ കരാർ കാലാവധി കഴിഞ്ഞതിനുശേഷം മറ്റ് കാര്യങ്ങൾ ആലോചിക്കാമെന്ന മുൻനിലപാടിൽ മാറ്റമില്ലെന്നും എം.എ.എ വ്യക്തമാക്കി. ശാസ്തമംഗലത്തെ ഓഫീസ് മാറ്റില്ലെന്ന ഉറച്ച സൂചനയാണ് എം.എൽ.എയുടെ വാക്കുകൾ നൽകുന്നത്.

