പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
അതേസമയം സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
സുഹാന്റെ മൃതദേഹം ആദ്യം സുഹാന്‍ പഠിച്ച അമ്പാട്ടുപാളയം റോയല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് എത്തിക്കും. ശേഷം എരുമങ്കാടുള്ള മാതാവിന്റെ വീട്ടിലും ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ നല്ലേപ്പിള്ളിയിലുള്ള പിതാവിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഖബറടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും അധ്യാപികയായ തൗഹിതയുടെയും മകനാണ് സുഹാൻ. മുഹമ്മദ് അനസ് ഗൾഫിലായതിനാൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. അതേസമയം, അമ്മ തൗഹിത അന്നുസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. സഹോദരനുമായി വഴക്കുണ്ടായതിനെ തുടർന്ന് സുഹാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി പോയതായി സഹോദരൻ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുമായി ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ പോലീസിൽ പരാതി നൽകി. ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും ചേർന്ന് സമീപത്തെ പറമ്പുകളിലും അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ അടുത്തുള്ള കുളങ്ങളിലും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രി എട്ടുമണിയോടെ തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ മുതൽ വീണ്ടും പരിശോധന ആരംഭിച്ചിരുന്നു.

