ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു. ഒന്നരമണിക്കൂർ ചോദ്യം ചെയ്‌തതിനു ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിലാണ് എൻ. സുബ്രഹ്‌മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്‍. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കൂടിയാണ് എൻ. സുബ്രഹ്‌മണ്യൻ. കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ (BNS 192, കേരള പോലീസ് ആക്ട് 120) ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഐ ചിത്രം പോസ്റ്റ് ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താനാണ് ഫോൺ വാങ്ങിച്ചു വച്ചതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും എന്നും പൊലീസ് പറഞ്ഞു.
അതിനിടെ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്നും പ്രാഥമിക കർമ്മം പോലും നിർവഹിക്കാൻ സമ്മതിക്കാതെ രാവിലെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുത്ത പൊലീസുകാരനെ വെറുതെ വിടില്ലെന്നു ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ മുന്നറിയിപ്പ് നൽകി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്നാണ് രാവിലെ എട്ടു മണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. താൻ പങ്കുവെച്ചത് യഥാർത്ഥ ചിത്രം തന്നെയാണെന്ന് സുബ്രഹ്മണ്യൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വീഡിയോ ആണിത്. അതിൽ നിന്ന് എടുത്ത ഫോട്ടോ ആണിത്. വളരെ ചുരുങ്ങിയ സെക്കൻഡിൽ നിന്ന് എടുത്ത ഫോട്ടോയാണ് താൻ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ നിന്ന് എടുത്ത ഫോട്ടോയാണ് താൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അതിൽ അപാകത ഉണ്ട് എന്ന് തോന്നിയതോടെ പിൻവലിച്ചു. ഏത് നിയമനടപടിയെയും നേരിടും എന്നും സുബ്രഹ്മണ്യൻ പൊലീസ് വാഹനത്തിൽ കയറും മുമ്പ് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

